
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അത്താഴവിരുന്നിനുള്ള ക്ഷണം നിരസിച്ച് ഗവർണർമാർ. കേരള, ഗോവ, ബംഗാൾ ഗവർണർമാരാണ് ക്ഷണം നിരസിച്ചത്. ഇന്ന് ക്ലിഫ് ഹൗസിൽ വച്ചായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. അത്താഴ വിരുന്നിൽ പങ്കെടുക്കാനുള്ള ബുദ്ധിമുട്ട് ഗവർണർമാർ നേരത്തെ അറിയിച്ചിരുന്നു.
അത്താഴ വിരുന്നിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടവന്നേക്കാം എന്നതിനാലാണ് ഗവർണർമാർ വിരുന്നിൽ നിന്ന് പിന്മാറിയതെന്നാണ് സൂചന. കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ മുഖ്യമന്ത്രിയും ഭാര്യ കമലയും രാജ്ഭവനിൽ നേരിട്ടെത്തിയാണ് ക്ഷണിച്ചത്. മലയാളികളായ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയെയും ബംഗാൾ ഗവർണർ ടി വി ആനന്ദബോസിനെയും മുഖ്യമന്ത്രി തന്നെ ക്ഷണിക്കുകയായിരുന്നു.
ഡൽഹിയിൽ വെച്ച് ധനമന്ത്രി നിർമ്മലാ സീതാരാമന് പ്രഭാത ഭക്ഷണം നൽകിയതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്നിരുന്നു. വിവിധ കേസുകളിലെ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് കൂടിക്കാഴ്ചയെന്നായിരുന്നു അന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നത്.
Content Highlights: Governors reject Chief Minister Pinarayi Vijayan's dinner invitation