'പാർട്ടി കമ്മിറ്റിയിൽ പങ്കെടുക്കുന്നതില്‍ ശ്രീമതി ടീച്ചർക്ക് വിലക്കില്ല'; എം വി ഗോവിന്ദനെ തള്ളി എം എ ബേബി

സംഘടനാപരമായി ശ്രീമതി ടീച്ചര്‍ തീരുമാനിക്കുന്ന ഘടകങ്ങളിലും പരിപാടികളിലും പങ്കെടുക്കുമെന്നും അതിനെക്കുറിച്ച് യാതൊരു ആശയക്കുഴപ്പവും വേണ്ടെന്നും എം എ ബേബി

dot image

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ തള്ളി ജനറല്‍ സെക്രട്ടറി എം എ ബേബി. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്ക് കമ്മിറ്റികളില്‍ പങ്കെടുക്കുന്നതില്‍ വിലക്കില്ലെന്ന് എം എ ബേബി വ്യക്തമാക്കി. അടിസ്ഥാന രഹിതമായ വ്യാഖ്യാനങ്ങളാണുണ്ടായതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'സഖാവ് പി കെ ശ്രീമതി ടീച്ചര്‍ സെക്രട്ടറിയേറ്റില്‍ പങ്കെടുത്തതായിട്ടാണ് ഞാന്‍ മനസിലാക്കുന്നത്. ഞാന്‍ പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തില്‍ ശ്രീമതി ടീച്ചര്‍ പങ്കെടുത്തിട്ടുണ്ട്. സംഘടനാപരമായി ശ്രീമതി ടീച്ചര്‍ തീരുമാനിക്കുന്ന ഘടകങ്ങളിലും പരിപാടികളിലും പങ്കെടുക്കും. അതിനെക്കുറിച്ച് യാതൊരു ആശയക്കുഴപ്പവും വേണ്ട. ഒരു പാര്‍ട്ടി കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിലും ശ്രീമതി ടീച്ചര്‍ക്ക് വിലക്കില്ല', അദ്ദേഹം പറഞ്ഞു.

നേരത്തെ സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്നും പി കെ ശ്രീമതിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയല്ല, പാര്‍ട്ടിയാണ് വിലക്കേര്‍പ്പെടുത്തിയതെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായാണ് പി കെ ശ്രീമതി സംസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തിരുന്നു.

'പി കെ ശ്രീമതി മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യാതലത്തില്‍ പ്രവര്‍ത്തിക്കാനാണ്', എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമര്‍ശം. എന്നാല്‍ ഈ വാര്‍ത്ത ശ്രീമതി തന്നെ തള്ളിക്കളഞ്ഞിരുന്നു. തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് പി കെ ശ്രീമതി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

Content Highlights: M A Baby says P K Sreemathi can participate any CPIM party meetings

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us