പഹൽഗാം ഭീകരാക്രമണം; സുരക്ഷാവീഴ്ച ഉണ്ടെന്നത് സത്യം, ഇന്റലിജൻസ് വീഴ്ച പരിശോധിക്കണം: രമേശ്‌ ചെന്നിത്തല

രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണ് ഉണ്ടായതെന്നും ചെന്നിത്തല

dot image

കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ സുരക്ഷാവീഴ്ച ഉണ്ടെന്നത് സത്യമാണെന്ന് കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. കശ്മീർ സുരക്ഷിതമാണെന്ന വാക്കിൽ വിശ്വസിച്ചാണ് ടൂറിസ്റ്റുകൾ എത്തിയത്. ഇന്റലിജൻസ് വീഴ്ച പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന് ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവമാണ് ഉണ്ടായത്. തീവ്രവാദത്തെ ഒരുമിച്ചു നിന്ന് എതിർത്ത് പരാജയപ്പെടുത്തണം. രാജ്യത്തിന്റെ കാര്യമാണെന്നും ഇതിൽ രാഷ്ട്രീയം ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

പഹൽ​ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സുരക്ഷാ സേന രണ്ട് ഭീകരരുടെ കൂടി വീടുകൾ തക‍ർത്തിരുന്നു. ലഷ്കർ ഇ ത്വയ്ബ ഭീകരനായ ജമീൽ അഹമ്മദിൻ്റെയും ജെയ്ഷെ മുഹമ്മദ് അം​ഗമായ അമീർ നസീറിൻ്റെയും വീടാണ് സുരക്ഷാ സേന തകർത്തത്. ഇതോടെ ഒൻപതോളം ഭീകരവാദികളുടെ വീടുകൾ സേന തകർത്തിട്ടുണ്ട്.

2016 മുതൽ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയിലെ അം​ഗമാണ് ജമീൽ അഹമ്മദ്. കഴിഞ്ഞ ദിവസമാണ് ജെയ്‌ഷ് ഇ മൊഹമ്മദ് ഭീകരനായ അഹ്സാൻ ഉൽ ഹക്കിൻ്റെയും ലഷ്കർ ഇ ത്വയ്ബ ഭീകരൻ ഹാരിസ് അഹമ്മദിൻ്റെയും വീടുകൾ സുരക്ഷ സേന തകർത്തത്. അഹ്‌സാൻ ഉൽ ഹക്ക് ജെയ്ഷെ മുഹമ്മദിന്റെ പുൽവാമയിലെ മുറാനിലെ വീടും, ഹാരിസ് അഹമ്മദിൻ്റെ പുൽവാമയിലെ കച്ചിപോറയിലെ വീടുമാണ് സുരക്ഷാ സേന തകർത്തത്. ഇരുവർക്കും പഹൽഗാം ഭീകരാക്രമണവുമായി ബന്ധമുള്ളതായി സുരക്ഷ സേന കണ്ടെത്തിയിരുന്നു.

അതേസമയം, പാകിസ്താൻ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണെന്നും തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്താന് പഹൽഗാം ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല. ഇന്ത്യയുടെ കുറ്റപ്പെടുത്തൽ മാത്രമാണത്. തീവ്രവാദത്തിന്റെ ഇരയായി പാകിസ്താൻ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയുടെ ആരോപണങ്ങൾ പരിശോധിക്കണം.ഒരു അന്താരാഷ്ട്ര അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തണം. ഇന്ത്യ പൊള്ളയായ പ്രസ്താവനകൾ നടത്തരുതെന്നും പഹൽഗാം ഭീകരാക്രമണത്തിലുള്ള പാക് ബന്ധത്തിന് തെളിവുകൾ ഉണ്ടായിരിക്കണമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. റഷ്യൻ സർക്കാർ വാർത്താ ഏജൻസിയായ റഷ്യ ടുഡേയോടായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ പ്രതികരണം.

Content Highlights: Ramesh Chennithala says it is true that there was a security lapse in the Pahalgam Attack

dot image
To advertise here,contact us
dot image