'നടക്കുന്നത് പിണറായി വിജയന്റെ വിലക്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം;കേരളത്തിലുള്ളപ്പോള്‍ പങ്കെടുക്കും'

'പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടക്കുന്നത്'

dot image

കണ്ണൂർ: സെക്രട്ടറിയേറ്റ് യോഗത്തിൽ തനിക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന്  സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. കേരളത്തിലുണ്ടെങ്കിൽ ഇനിയും സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുമെന്നും പിണറായിയെ പോലൊരു നേതാവിന്റെ വിലക്ക് തനിക്കുണ്ടെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു.

പാർട്ടിയിൽ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് നടക്കുന്നത്. ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് പാർട്ടിയുടെ നിർദേശം. കേരളത്തിലുള്ളപ്പോൾ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുമെന്നും പി കെ ശ്രീമതി പറഞ്ഞു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്നും ശ്രീമതി കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെയാണ് പി കെ ശ്രീമതിയെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിലക്കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വന്നത്. എന്നാല്‍ ഈ വാര്‍ത്ത ശ്രീമതി തന്നെ തള്ളിക്കളഞ്ഞിരുന്നു. തീര്‍ത്തും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്ന് പി കെ ശ്രീമതി ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു.

പിന്നാലെ സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്ക് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രംഗത്തെത്തി. മുഖ്യമന്ത്രിയല്ല ശ്രീമതിയെ വിലക്കിയതെന്നും പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായാണ് പി കെ ശ്രീമതി സംസ്ഥാന ഘടകത്തില്‍ പ്രവര്‍ത്തിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

'പി കെ ശ്രീമതി സിപിഐഎം സംസ്ഥാന സമിതി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ആയിരുന്നു. എന്നാല്‍ 75 വയസ്സ് പിന്നിട്ട സാഹചര്യത്തില്‍ സംസ്ഥാന സമിതിയില്‍നിന്നും സെക്രട്ടറിയേറ്റില്‍നിന്നും ഒഴിവായി. വിരമിച്ചു എന്ന് പറയാന്‍ പറ്റില്ല. മഹിളാ അസോസിയേഷന്‍ അഖിലേന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ്. അഖിലന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിതാ എന്ന നിലയിലാണ് പ്രത്യേക പരിഗണന നല്‍കി കേന്ദ്ര കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. കേന്ദ്ര കമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാനല്ല. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കാനാണ്', എം വി ഗോവിന്ദന്‍ പറഞ്ഞു.

Content Highlights- Senior CPM leader PK Sreemathy says she was not banned from the secretariat meeting

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us