'അത്താഴ വിരുന്നിന് മുഖ്യമന്ത്രി ഗവർണർമാരെ ക്ഷണിച്ചിട്ടില്ല'; വിശദീകരിച്ച് സിപിഐഎം

ഞായറാഴ്ചയിലെ മുഖ്യമന്ത്രിയുടെ പരിപാടികൾ നേരത്തെ നിശ്ചയിച്ചിരുന്നുവെന്നും ഷെഡ്യൂൾ അനുസരിച്ച് മുഴുവൻ സമയവും സംസ്ഥാന കമ്മിറ്റിയോഗമാണെന്നും സിപിഐഎം വ്യക്തമാക്കി

dot image

തിരുവനന്തപുരം: അത്താഴ വിരുന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർമാരെ ക്ഷണിച്ചിട്ടില്ലെന്ന് സിപിഐഎം. ഞായറാഴ്ചത്തെ മുഖ്യമന്ത്രിയുടെ പരിപാടികൾ നേരത്തെ നിശ്ചയിച്ചിരുന്നുവെന്നും ഷെഡ്യൂൾ അനുസരിച്ച് മുഴുവൻ സമയവും സംസ്ഥാന കമ്മിറ്റിയോഗമാണെന്നും സിപിഐഎം വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ശനിയാഴ്ച അവസാനിച്ചതിനാൽ ഇന്നലെ എറണാകുളത്തായിരുന്നു. വൈകുന്നേരം മുഖ്യമന്ത്രി ഇടുക്കിയിലേക്ക് പോയി. സർക്കാരിന്‍റെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഇന്ന് നെടുങ്കണ്ടത്താണ് നടക്കുന്നതെന്നും സിപിഐഎം അറിയിച്ചു.

മുഖ്യമന്ത്രിയുടെ അത്താഴവിരുന്നിനുള്ള ക്ഷണം കേരള, ഗോവ, ബംഗാൾ ഗവർണർമാർ നിരസിച്ചുവെന്ന് വാർത്തകൾ വന്നിരുന്നു. അത്താഴ വിരുന്നിൽ പങ്കെടുത്താൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടവന്നേക്കാം എന്നതിനാലാണ് ഗവർണർമാർ വിരുന്നിൽ നിന്ന് പിന്മാറിയതെന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗോവ ഗവർണറെ അത്താഴവിരുന്നിന് ക്ഷണിച്ചുവെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ പ്രസ്താവനയ്ക്കെതിരെ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള കഴിഞ്ഞ ദിവസം തന്നെ രംഗത്തെത്തിയിരുന്നു. അത്താഴ വിരുന്നിന് ക്ഷണമില്ലെന്നും ആരോപണം വാസ്തവ വിരുദ്ധമാണെന്നായിരുന്നു ശ്രീധരൻപിള്ളയുടെ പ്രതികരണം. കാള പെറ്റെന്ന് കേട്ടാൽ കയറെടുക്കുന്ന രീതി അപക്വമാണെന്നും ജനാധിപത്യത്തിൽ ശത്രുക്കളില്ല, രാഷ്ട്രീയ എതിരാളികൾ മാത്രമേ ഉള്ളൂവെന്ന് വി ഡി സതീശൻ ഓർക്കണമെന്നും ഗോവ രാജ്ഭവൻ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറഞ്ഞിരുന്നു.

Content Highlights: CPIM says Chief Minister Pinarayi Vijayan did not invite governors to dinner

dot image
To advertise here,contact us
dot image