പികെ ശ്രീമതിക്ക് സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാം; അംഗത്തെ പോലെ പ്രവർത്തിക്കാനാകില്ല:കെകെ ശെെലജ

പുതിയ ആളുകളെ ഉൾക്കൊള്ളിക്കാനാണ് പ്രായപരിധി നിശ്ചയിച്ചതെന്നും സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും ശ്രീമതി ടീച്ചർക്ക് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും കെ കെ ശൈലജ

dot image

കണ്ണൂർ: സിപിഐഎം സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിന് വിലക്കില്ലെന്ന് പി കെ ശ്രീമതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കെ കെ ശൈലജ. പുതിയ ആളുകളെ ഉൾക്കൊള്ളിക്കാനാണ് പാർട്ടിയിൽ പ്രായപരിധി നിശ്ചയിച്ചതെന്നും സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കുന്നതിൽ തടസ്സമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. എന്നാൽ ഒരു സെക്രട്ടേറിയറ്റ് അംഗം പ്രവർത്തിക്കുന്നത് പോലെ കേന്ദ്ര കമ്മിറ്റി അംഗമായ ശ്രീമതി ടീച്ചർക്ക് പ്രവർത്തിക്കാനാവില്ലെന്നും കെകെ ശെെലജ കൂട്ടിച്ചേർത്തു.

സിപിഐഎമ്മിൽ റിട്ടയർമെന്റില്ല. പുതിയ ആൾക്കാരെ ഉൾക്കൊള്ളിക്കുന്നതിനു വേണ്ടിയാണ് പ്രായപരിധി വയ്ക്കുന്നത്. ഒരു ആശയക്കുഴപ്പവുമില്ല. ശ്രീമതി ടീച്ചർ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കരുതെന്നല്ല എം വി ഗോവിന്ദൻമാഷ് പറഞ്ഞത്. മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് എന്ന നിലയിൽ കേന്ദ്രത്തിൽ നിന്നുകൊണ്ട് എല്ലാ മേഖലയിലും പ്രവർത്തിക്കുക എന്നതാണ് പി കെ ശ്രീമതി ടീച്ചറുടെ മുന്നിലുള്ളതെന്നും കെ കെ ശൈലജ വ്യക്തമാക്കി.

അതേസമയം, കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയെ സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുപ്പിക്കുന്നതിൽ സംസ്ഥാന-കേന്ദ്ര നേതൃത്വങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. കേന്ദ്ര കമ്മിറ്റി അംഗത്തിന് സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാമെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാൽ മഹിളാ അസോസിയേഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയ്ക്ക് വരുന്ന യോഗങ്ങളിൽ പി കെ ശ്രീമതിയെ പങ്കെടുപ്പിക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ പി കെ ശ്രീമതിയ്ക്ക് പ്രായത്തിന്റെ പേരിൽ ഇളവ് നൽകിയത് സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യ പ്രകാരമല്ലെന്നാണ് വിവരം. നേതൃത്വത്തിൽ തുടരാൻ പി കെ ശ്രീമതി ദേശീയ നേതൃത്വത്തെ താൽപര്യം അറിയിച്ചെന്നും ബൃദ്ധാ കാരാട്ടും സുഭാഷിണി അലിയും ഇക്കാര്യം അവതരിപ്പിക്കുകയായിരുന്നുവെന്നുമാണ് സൂചന.

Content Highlights: K K Shailaja on P K Sreemathy issue

dot image
To advertise here,contact us
dot image