
കൊച്ചി: കഞ്ചാവ് കേസില്‍ അറസ്റ്റിലായ റാപ്പര്‍ വേടന് ജാമ്യം. വേടനൊപ്പം അറസ്റ്റ് ചെയ്ത എട്ട് പേര്‍ക്കും ജാമ്യം ലഭിച്ചു. എന്നാല്‍ പുലിപ്പല്ല് കയ്യില്‍ വെച്ചതിന് വേടനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. അല്‍പ സമയത്തിനകം വേടനെ കോടനാടേക്ക് കൊണ്ടുപോകും. മൃഗവേട്ട വകുപ്പ് ചുമത്തിയാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്.
പുലിപ്പല്ല് കൈവശം വെക്കുന്നത് കുറ്റകരമെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. പുലിപ്പല്ല് തമിഴ്‌നാട്ടില്‍ നിന്നുള്ള ആരാധകന്‍ സമ്മാനിച്ചതെന്നാണ് വേടന്‍ നല്‍കിയ മൊഴി. ആദ്യം തായ്‌ലന്‍ഡില്‍ നിന്നും വാങ്ങിയതെന്നായിരുന്നു വേടന്റെ പ്രതികരണം. പിന്നീട് മാറ്റിപ്പറയുകയായിരുന്നു. ഇക്കാര്യത്തില്‍ വിശദമായ വിശദമായ അന്വേഷണം വേണമെന്ന നിലപാടിലാണ് വനം വകുപ്പ്.
വേടനെതിരെ ആയുധനിയമം ചുമത്തില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. വേടന്റെ വീട്ടില്‍ നിന്നും കണ്ടെടുത്ത 'ആയുധം' ഓണ്‍ലൈനില്‍ വാങ്ങിയതെന്നാണ് കണ്ടെത്തല്‍. അതേസമയം വേടന്‍ കഞ്ചാവ് ഉപയോഗിച്ചതായി മാധ്യമങ്ങളോട് സമ്മതിച്ചിട്ടുണ്ട്. മറ്റ് കാര്യങ്ങള്‍ പിന്നീട് പറയാമെന്നായിരുന്നു വേടന്റെ പ്രതികരണം.
ഇന്ന് രാവിലെയാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് ആറ് ഗ്രാം കഞ്ചാവ് പിടികൂടിയത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്നും വേടന്റെ റാപ്പ് ഷോ ഒഴിവാക്കി.
Content Highlights: Rapper Vedan get bail in cannabis case but under custody in tiger teeth case