
കൊച്ചി: കഞ്ചാവ് ഉപയോഗിച്ചിരുന്നുവെന്ന് സമ്മതിച്ച് റാപ്പര്‍ വേടന്‍. കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പറയാമെന്നും വേടന്‍ പറഞ്ഞു. കസ്റ്റഡിയിലെടുത്തത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മറുപടി. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ വേടനെ വൈദ്യപരിശോധയ്ക്ക് കൊണ്ടുപോകവേയായിരുന്നു പ്രതികരണം.
ആറ് ഗ്രാം കഞ്ചാവാണ് വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്‌ളാറ്റില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവര്‍ ഫ്‌ളാറ്റില്‍ ഒത്തുകൂടിയത്.
അതേസമയം വേടനെതിരെ വനംവകുപ്പും കേസെടുത്തിട്ടുണ്ട്. വേടന്റെ മാലയില്‍ പുലിപ്പല്ല് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. പുലിപ്പല്ല് തായ്ലന്‍ഡില്‍ നിന്ന് എത്തിച്ചതെന്നാണ് വനം വകുപ്പിന് വേടന്‍ നല്‍കിയ മറുപടി. എന്നാല്‍ പുലിപ്പല്ല് നിയമവിരുദ്ധമാണെന്ന് വനം വകുപ്പ് വ്യക്തമാക്കി. കോടനാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ ഫ്‌ളാറ്റില്‍ എത്തി നടത്തിയ പരിശോധനയിലാണ് മാല കണ്ടെത്തിയത്.
Content Highlights: Rapper Vedan says he used cannabis