എല്ലാവർക്കും ഉപയോഗിക്കാൻ കോമണ്‍ കീ;സംവിധായകർ അറസ്റ്റിലായ മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രം

ഫ്‌ളാറ്റുടമ ഛായാഗ്രഹകന്‍ സമീര്‍ താഹിറിനെ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കും

dot image

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും അറസ്റ്റിലായ മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റ് ലഹരി ഉപയോഗത്തിന്റെ കേന്ദ്രമെന്ന് എക്‌സൈസ്. ഫ്‌ളാറ്റില്‍ സിനിമാപ്രവര്‍ത്തകര്‍ നിത്യസന്ദര്‍ശകരാണെന്നും ഫ്‌ളാറ്റ് ഉപയോഗിക്കാന്‍ കോമണ്‍ കീ ആണ് ഉളളതെന്നും മൊഴി. നിര്‍ണായകമായത് ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ലഭിച്ച മൊഴിയാണ്.

ഫ്‌ളാറ്റുടമ ഛായാഗ്രഹകന്‍ സമീര്‍ താഹിറിനെ ചോദ്യംചെയ്യാന്‍ ഉടന്‍ നോട്ടീസ് നല്‍കും. കഞ്ചാവ് എത്തിച്ച ഇടനിലക്കാരനായുളള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് എക്‌സൈസ്. മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റില്‍ നിന്ന് ഇന്നലെയാണ് ഹൈബ്രിഡ് കഞ്ചാവുമായി ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും സുഹൃത്തും ഛായാഗ്രഹകന്‍ സമീര്‍ താഹിറിന്റെ ഫ്‌ളാറ്റില്‍ നിന്ന് പിടിയിലായത്. ഇവരെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു.

1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇന്നലെ രാത്രി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. വൈദ്യപരിശോധനയ്ക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കുകയായിരുന്നു. ഇവര്‍ പലതവണയായി സമീര്‍ താഹിറിന്റെ ഫ്‌ളാറ്റിലേക്ക് ലഹരി ഉപയോഗിക്കാനായി എത്തിയിരുന്നെന്നാണ് എക്‌സൈസ് സംഘം പറയുന്നത്. ഷാലിഫ് മുഹമ്മദാണ് സുഹൃത്തുക്കള്‍ വഴി കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം.

അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് സംഘം നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യുകയാണ്. ബിഗ്‌ബോസ് താരം ജിന്റോ നാളെ എക്‌സൈസ് സംഘത്തിനു മുന്നില്‍ ഹാജരാകുമെന്നാണ് വിവരം. ആലപ്പുഴ എക്സെെസ് ഉദ്യോഗസ്ഥരാണ് ചാേദ്യം ചെയ്യുന്നത്.

ലഹരിയുമായി പിടിയിലായ തസ്ലീമയും താരങ്ങളും തമ്മിലുള്ള ലഹരി ഇടപാടില്‍ പാലക്കാട് സ്വദേശിയായ മോഡല്‍ സൌമ്യ ഇടനിലക്കാരി ആണോ എന്നും സംശയിക്കുന്നുണ്ട്. മോഡലിന്റെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി കണ്ടെത്തിയിരുന്നു. ഇത് താരങ്ങള്‍ക്കായി ലഹരി വാങ്ങിയതിന്റെ പണമാണോ എന്നാണ് സംശയം. ജിന്റോയ്ക്ക് ചൊവ്വാഴ്ച ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. ജിന്റോയും തസ്ലീമയും നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താനാണ് നോട്ടീസ് നല്‍കി വിളിച്ചു വരുത്തുന്നത്. സിനിമ അണിയറ പ്രവര്‍ത്തകരില്‍ ഒരാളെയും ചോദ്യം ചെയ്യും.

Content Highlights: sameer thahirs flat in marine drive is hub for film workers drug use report

dot image
To advertise here,contact us
dot image