ചോദ്യംചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് ഷൈന്‍ ടോം ചാക്കോ; വിഡ്രോവല്‍ സിന്‍ഡ്രോമെന്ന് സംശയം

ഡീ അഡിക്ഷന്‍ സെന്ററില്‍ നിന്നാണ് ഷൈന്‍ ചോദ്യംചെയ്യലിന് എത്തിയത്

dot image

കൊച്ചി: ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട എക്‌സൈസ് ചോദ്യം ചെയ്യലിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. വിഡ്രോവല്‍ സിന്‍ഡ്രോമാണ് എന്നാണ് സംശയം. ഡീ അഡിക്ഷന്‍ സെന്ററില്‍ നിന്നാണ് ഷൈന്‍ ചോദ്യംചെയ്യലിന് എത്തിയത്. നടന്റെ സഹോദരനെ എക്‌സൈസ് ഓഫീസിലേക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്.

ചോദ്യംചെയ്യലിന് ഹാജരായപ്പോള്‍ തന്നെ ഷൈന്‍ എക്‌സൈസ് സംഘത്തിനു മുന്നില്‍ നിബന്ധന വെച്ചിരുന്നു. ഒരു മണിക്കൂറിനുളളില്‍ തന്റെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നടന്‍ ആവശ്യപ്പെട്ടത്. താന്‍ ബെംഗളൂരുവിലെ ഡീ അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് ചോദ്യംചെയ്യലിന് ഹാജരായതെന്നും ഉടന്‍ മടങ്ങണമെന്നുമാണ് നടന്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

രാവിലെ വിമാനമാർഗ്ഗമാണ് ഷൈൻ കൊച്ചിയിൽ എത്തിയത്. ഹൈബ്രിഡ് കഞ്ചാവ് കേസിലെ സിനിമ ബന്ധം തെളിയിക്കാനാണ് നടന്മാരായ ഷൈന്‍ ടോം ചാക്കോയെയും ശ്രീനാഥ് ഭാസിയെയും എക്‌സൈസ് ചോദ്യം ചെയ്യുന്നത്. കേസിലെ മുഖ്യപ്രതികളായ തസ്ലീമ സുല്‍ത്താനയും ഭര്‍ത്താവ് സുല്‍ത്താനും നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലും പ്രതികളില്‍ നിന്ന് ലഭിച്ച ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.

തസ്ലീമയും നടന്മാരും തമ്മിലുള്ള ലഹരി ഇടപാടില്‍ പാലക്കാട് സ്വദേശിയായ മോഡല്‍ ഇടനിലക്കാരി ആണോ എന്നും സംശയിക്കുന്നുണ്ട്. മോഡലിന്റെ അക്കൗണ്ടില്‍നിന്ന് തസ്ലീമയുടെ അക്കൗണ്ടിലേക്ക് പലതവണ പണം വന്നതായി കണ്ടെത്തിയിരുന്നു. ഇത് നടന്മാർക്കായി ലഹരി വാങ്ങിയതിന്റെ പണമാണോ എന്നാണ് സംശയം.

Content Highlights: shine tom chacko withdrawal syndrome during excise questioning

dot image
To advertise here,contact us
dot image