'കഞ്ചാവിൻ്റെ പേരിൽ ബോബ് മാർളിയെ അറസ്റ്റ് ചെയ്തിരുന്നു, പാട്ടും ഇഷ്ടമായിരുന്നു, പക്ഷെ ലഹരിക്കത് ന്യായീകരണമല്ല'

ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല' എന്ന വാചകവും എം എ ബേബി കുറിപ്പിൽ സൂചിപ്പിച്ചു.

dot image

തിരുവനന്തപുരം: റാപ്പർ വേടൻ്റെ അറസ്റ്റിന് പിന്നാലെ വിവിധയിടങ്ങളിൽ നിന്ന് ഗായകന് ഉയരുന്ന ഐക്യദാർഡ്യ പ്രഖ്യാപനങ്ങൾക്കിടയിൽ പ്രതികരണവുമായി സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി. മയക്കുമരുന്നിന് ന്യായീകരണമില്ലയെന്നാണ് ബേബിയുടെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിൽ എം എ ബേബി ബോബ് മാർലിയെ പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്.

ബോബ് മാർലിയും കഞ്ചാവ് കൈവശം വെച്ചതിന് അറസ്റ്റിലായിരുന്നുവെന്നും ബോബ് മാർലിയുടെ പാട്ടും പാൻ ആഫ്രിക്കൻ രാഷട്രീയവും ഇഷ്ടമാണെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് അതൊന്നും ന്യായീകരണമല്ലായെന്നും എം എ ബേബി കുറിപ്പിൽ പറയുന്നു. ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ 'മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല' എന്ന വാചകവും എം എ ബേബി കുറിപ്പിൽ കടം എടുത്തിട്ടുണ്ട്.

എം എ ബേബിയുടെ കുറിപ്പിൻ്റെ പൂർണ രൂപം

മയക്കുമരുന്നിന് ഒരു ന്യായീകരണവും ഇല്ല. അത് മനുഷ്യരെ കൊല്ലും, ചുറ്റുമുള്ളവരെയെല്ലാം നരകത്തിലാക്കും. അതുകൊണ്ട് ഒരു തരം മയക്കുമരുന്നും വേണ്ട! മദ്യമോ മയക്കുമരുന്നോ പ്രതിഭയ്ക്ക് ഒരു ഉത്തേജനവും തരുന്നില്ല എന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെ പറഞ്ഞിട്ടുണ്ട്.

റെഗ്ഗി സംഗീതത്തിൻറെ ആചാര്യൻ ജമയ്ക്കക്കാരനായ കറുത്ത പാട്ടുകാരൻ ബോബ് മാർലിയെ കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബോബ് മാർലിയുടെ പാട്ടും ഇഷ്ടമാണ്, പാൻ ആഫ്രിക്കൻ രാഷ്ട്രീയവും ഇഷ്ടമാണ്. പക്ഷേ, മയക്കുമരുന്ന് ഉപയോഗിച്ചതിന് അതൊന്നും ന്യായീകരണമല്ല.

Content Highlights- MA Baby's Facebook post on vedan's arrest and excise case

dot image
To advertise here,contact us
dot image