വെള്ളി പൊതിയാൻ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിഞ്ഞിരുന്നില്ല; വാങ്ങാൻ വന്നത് വേടനും സുഹൃത്തും: ജ്വല്ലറി ഉടമ

ലോക്കറ്റ് വെള്ളി പൊതിയാൻ കൊണ്ടുവന്നത് വേടനല്ലെന്നും ജ്വല്ലറി ഉടമ

dot image

തൃശൂര്‍: വേടന്റെ പുലിപ്പല്ല് ലോക്കറ്റ് വിവാദമായിരിക്കെ പ്രതികരിച്ച് ലോക്കറ്റ് പണിത വിയ്യൂര്‍ സരസ ജ്വല്ലറി ഉടമ സന്തോഷ് കുമാര്‍. വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് പുലിപ്പല്ലാണെന്ന് അറിഞ്ഞില്ലെന്ന് സന്തോഷ് കുമാര്‍ പറഞ്ഞു. പുലിപ്പല്ല് വെള്ളി പൊതിയാന്‍ കൊണ്ടുവന്നത് വേടനായിരുന്നില്ല. ലോക്കറ്റാക്കിയ ശേഷം വാങ്ങാന്‍ എത്തിയത് വേടനും സുഹൃത്തും ചേര്‍ന്നാണെന്നും ജ്വല്ലറി ഉടമ പറഞ്ഞു.

എട്ട് മാസങ്ങള്‍ക്ക് മുന്‍പാണ് സംഭവം എന്നാണ് കരുതുന്നതെന്നും ജ്വല്ലറി ഉടമ പറഞ്ഞു. വേടന്‍ നേരിട്ടല്ല എത്തിയത്. മറ്റൊരാളാണ് വന്നത്. ലോക്കറ്റ് ആക്കണമെന്നായിരുന്നു ആവശ്യം. എങ്ങനെ ചെയ്യണമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ചാണ് ചെയ്തത്. ലോക്കറ്റിന്റെ പണി കഴിഞ്ഞ ശേഷം വാങ്ങിക്കാന്‍ വന്നത് വേടനാണ്. ആളെ കണ്ടപ്പോള്‍ ആദ്യം മനസിലായില്ല. പേര് പറഞ്ഞപ്പോഴാണ് ആളെ മനസിലായത്. ചെറിയ പണിയാണ് ചെയ്തതെന്നും കൂലിയായി ആയിരം രൂപയാണ് ലഭിച്ചതെന്നും ജ്വല്ലറി ഉടമ മാധ്യമങ്ങളോട് പറഞ്ഞു.

കഞ്ചാവ് കേസില്‍ എക്‌സൈസ് പിടികൂടിയതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റിലേയ്ക്ക് വനംവകുപ്പിന്റെ അന്വേഷണം നീണ്ടത്. വനംവകുപ്പ് നടത്തിയ വിശദമായ പരിശോധനയില്‍ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായി. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേടന്റെ അറസ്റ്റ് രേഖപ്പെടുത്തി. വേടനെതിരെ വനംവകുപ്പ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാന്‍സിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മൂന്നില്‍ ഹാജരാക്കിയ വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.

Content Highlights- Jewellery owner reaction on vedan locket controversy

dot image
To advertise here,contact us
dot image