കളമശ്ശേരി പോളി ടെക്‌നിക്കിലെ കഞ്ചാവ് കേസ്; നാല് വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി

പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ല

dot image

കൊച്ചി: കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടിച്ചെടുത്ത കേസില്‍ നാല് വിദ്യാര്‍ഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യന്‍ ,അഭിരാജ്, അനുരാജ് എന്നീ വിദ്യാര്‍ഥികളെയാണ് പുറത്താക്കിയത്. പുറത്താക്കിയ വിദ്യാര്‍ഥികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നും കോളേജ് അറിയിച്ചു. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

മാര്‍ച്ച് 14 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കളമശ്ശേരി പോളിടെക്നിക്കിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ നടത്തിയ പരിശോധനയില്‍ രണ്ടുകിലോയോളം കഞ്ചാവ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ ആരംഭിച്ച പരിശോധന വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീളുകയായിരുന്നു. സംഭവത്തില്‍ കെഎസ്‌യു പ്രവര്‍ത്തകരായ ആദിത്യനും ആകാശും എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിരാജിനെയും പൊലീസ് പിടികൂടിയിരുന്നു.

ഇതില്‍ ആകാശിന്റെ മുറിയില്‍ നിന്ന് 1.9 കിലോ കഞ്ചാവാണ് പിടികൂടിയത്. ആകാശ് വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയിരുന്നതായി പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ ഇവര്‍ക്ക് കഞ്ചാവ് നല്‍കിയ ആഷിക്ക്, ഷാലിക്ക് എന്നീ പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഷാലിക്ക് ക്യാംപസിലെ കെഎസ് യു നേതാവായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു കേസിലെ മുഖ്യപ്രതികളിലൊരാളായ അനുരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അനുരാജിന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന് ഇരുവരും മൊഴി നല്‍കിയിരുന്നു.

പോളിടെക്‌നികിലെ പ്രിന്‍സിപ്പല്‍ പൊലീസിന് നല്‍കിയ കത്തായിരുന്നു ഈ കേസില്‍ ഏറ്റവും നിര്‍ണായകമായത്. ക്യാംപസില്‍ ലഹരി ഇടപാട് നടക്കുമെന്ന സൂചന നല്‍കി കളമശ്ശേരി പോളിടെക്നിക്കിലെ പ്രിന്‍സിപ്പല്‍ പൊലീസിന് കത്ത് നല്‍കിയിരുന്നു. മാര്‍ച്ച് 12നായിരുന്നു പ്രിന്‍സിപ്പല്‍ കത്ത് നല്‍കിയത്. ലഹരിക്കായി ക്യാംപസില്‍ പണപ്പിരിവ് നടക്കുന്ന വിവരവും പ്രിന്‍സിപ്പല്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് നിര്‍ണായക നീക്കം നടത്തിയത്. പ്രിന്‍സിപ്പലിന്റെ കത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ഹോസ്റ്റലില്‍ റെയ്ഡ് നടത്തിയത്.

Content Highlights: Kalamassery Poly Technic cannabis case college expelled 4 students

dot image
To advertise here,contact us
dot image