
കോഴിക്കോട്: കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത റാപ്പർ വേടനെതിരെ ഉയർന്നുവരുന്ന അധിക്ഷേങ്ങൾക്കും വിദ്വേഷ പ്രചാരണങ്ങൾക്കുമെതിരെ സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ ടി കുഞ്ഞിക്കണ്ണൻ രംഗത്ത്. കഞ്ചാവ് അടിക്കുന്നുവെന്ന് വരുത്തി ഒരാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത്
ശരിയായ രീതിയല്ല എന്നും വംശീയ അധിക്ഷേപം അനുവദിക്കില്ലെന്നും കെ ടി കുഞ്ഞിക്കണ്ണൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു കുഞ്ഞിക്കണ്ണൻ വേടനെതിരെ ഉയരുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ രംഗത്തുവന്നത്.
'കഞ്ചാവും കള്ളുമൊന്നും അടിച്ചു നടക്കുന്നതിനോട് തെല്ലും യോജിപ്പില്ല. പക്ഷെ ഒരാൾ കഞ്ചാവ് അടിക്കുന്നുവെന്ന് വരുത്തി അയാളുടെ രാഷ്ട്രീയത്തെയും നിലപാടുകളെയും അപ്രസക്തമാക്കിക്കളയുന്നത് അത്ര ശരിയായ രീതിയല്ല. ജോൺ എബ്രഹാമും കഞ്ചാവും കള്ളുമെല്ലാം അടിച്ചിരുന്നു. അതു കൊണ്ട് ജോൺ തന്റെ സിനിമകളിലൂടെ മുന്നോട്ട് വെച്ച രാഷ്ട്രീയത്തെയും ജനകീയമായ സൗന്ദര്യ ബോധത്തെയും ആർക്കെങ്കിലും തള്ളിക്കളയാനാകുമോ?
സഹസ്രാബ്ദങ്ങളായി നിശ്ശബ്ദരാക്കപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായ മനുഷ്യരുടെ ശബ്ദമാകുന്നവരെ കുറ്റവാളികളാക്കി വേട്ടയാടുന്നത് വർണ്ണവംശ മഹിമയിലധിഷ്ഠിതമായ വ്യവസ്ഥകളുടെ ക്രൂരവിനോദം കൂടിയാണ്. കറുത്തവരെ മയക്കുമരുന്നിന്റെ പേരിൽ വംശീയമായി വേട്ടയാടുന്ന അമേരിക്കൻ ഭീകരതയെ കുറിച്ച് സാഷ അബ്രാംസ്ക്കി തന്റെ അമേരിക്കൻ ജയിൽ ഇൻഡസ്ട്രിയൽ കോംപ്ലക്സിനെ കുറിച്ചുള്ള ഒരു ലേഖനത്തിൽ പ്രതിപാദിക്കുന്നുണ്ട്. കഞ്ചാവും ലഹരി വസ്തുക്കളും സൂക്ഷിക്കുന്നതും ഉപയോഗിക്കുന്നതും നിയവിരുദ്ധമാണ്. നിയമാനുസൃതമായി അതിനെ നിയമപാലന ഉത്തരവാദിത്വമുള്ളവർ കർശനമായി തന്നെ നേരിടട്ടെ. പക്ഷെ അതിന്റെ പേരിൽ ഒരുതരത്തിലുള്ള വംശീയ അധിക്ഷേപവും അനുവദനീയമല്ല' എന്നായിരുന്നു കുഞ്ഞിക്കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മാനേജർ വഴിയാണ് തനിക്ക് കഞ്ചാവ് ലഭിച്ചതെന്നും സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ല താനെന്നും വേടൻ പൊലീസിന് മൊഴി നൽകിയിരുന്നു. മാനേജർ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് കഞ്ചാവ് എത്തിച്ചുനൽകിയത് സിനിമ അസിസ്റ്റന്‍റാണെന്നും സൂചനയുണ്ട്.
അതേസമയം വേടനെതിരായ പുലിപ്പല്ല് കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് കോടതിയിൽ തെളിയിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുലിപ്പല്ല് തനിക്ക് ആരാധകൻ സമ്മാനിച്ചതെന്നാണ് വേടന്‍റെ മൊഴി.
Content Highlights: KT Kunhikannan on cyber attack against vedan