
പാലക്കാട്: കുവൈത്തില്‍ വീട്ടുതടങ്കലിലായിരുന്ന പാലക്കാട് സ്വദേശിനി ഫസീലയ്ക്ക് മോചനം. റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക് പിന്നാലെ കേരള പൊലീസും പൊതുപ്രവര്‍ത്തകരും കുവൈറ്റ് പൊലീസും ചേര്‍ന്ന് നടത്തിയ ഇടപെടലിലാണ് ഫസീലയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചത്. വീട്ടുതടങ്കലില്‍ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ റിപ്പോര്‍ട്ടറിന് നന്ദി അറിയിച്ച് ഫസീല വീഡിയോ സന്ദേശം അയച്ചു.
കഴിഞ്ഞ ഒരാഴ്ചയായി കുവൈറ്റിലേയ്ക്ക് ജോലിക്കായി എത്തിച്ച ഏജന്റിന്റെ വീട്ടുതടങ്കലിലായിരുന്നു ഫസീല. ഭക്ഷണവും വിശ്രമവും നല്‍കാതെ ജോലി ചെയ്യിപ്പിച്ചത് എതിര്‍ത്തതിനാണ് ഫസീലയെ ഏജന്റ് വീട്ടുതടങ്കലിലാക്കിയത്. കാസര്‍കോട് സ്വദേശി ഖാലിദ് ആയിരുന്നു ഫസീലയെ കുവൈറ്റില്‍ എത്തിച്ച ഏജന്റ്. ഫസീലയുടെ ദുരിതം റിപ്പോര്‍ട്ടര്‍ വാര്‍ത്തയാക്കിയതിന് പിന്നാലെ ഖാലിദിന്റെ ബന്ധുക്കള്‍ ഫസീലയെ മര്‍ദിച്ചിരുന്നു.
ഫസീല നിലവില്‍ കുവൈറ്റ് പൊലീസിന്റെ സംരക്ഷണത്തിലാണ്. ഫസീലയെ നാട്ടിലേക്ക് എത്തിക്കാനുള്ള നീക്കത്തിലാണ് കുവൈറ്റ് പൊലീസ്. ഫസീലയെ ആക്രമിച്ച ഏജന്റ് ഖാലിദിന്റെ ബന്ധു റഫീക്കിനെതിരെ കുവൈറ്റ് പൊലീസ് നടപടി ആരംഭിച്ചു.
Content Highlights- palakkad native woman released from house arrest after reporter tv news in kuwait