സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്ന് വേടൻ;മാനേജർക്ക് ലഹരി കെെമാറിയിരുന്നത് സിനിമാ അസിസ്റ്റന്റെന്ന് വിവരം

ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും എകെ ശശീന്ദ്രൻ

dot image

കൊച്ചി: സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളല്ലെന്ന് റാപ്പർ വേടൻ. മാനേജർ വഴിയാണ് തനിക്ക് കഞ്ചാവ് ലഭിച്ചതെന്നും വേടൻ പൊലീസിന് മൊഴി നൽകി. കഴിഞ്ഞ ദിവസം ഫ്ളാറ്റിൽ നിന്നും കസ്റ്റഡിയിലെടുത്ത ഒൻപതംഗ സംഘത്തിൽ വേടന്‍റെ മാനേജറുമുണ്ടായിരുന്നു. മാനേജർ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന ആളെന്നാണ് പൊലീസ് പറയുന്നത്. മാനേജർക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് സിനിമ അസിസ്റ്റന്‍റാണെന്നും സൂചനയുണ്ട്.

അതേസമയം വേടനെതിരായ പുലിപ്പല്ല് കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് കോടതിയിൽ തെളിയിക്കേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പുലിപ്പല്ല് തനിക്ക് ആരാധകൻ സമ്മാനിച്ചതെന്നാണ് വേടന്‍റെ മൊഴി.

വേടന് പുലിപ്പല്ല് ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. തൃശ്ശൂരില്‍ എത്തിച്ചാണ് പുലിപ്പല്ല് സ്വര്‍ണമാലയില്‍ കെട്ടിച്ചത്. തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് വനം വകുപ്പിന്റെ തീരുമാനം. നിലവിൽ വേടൻ ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിക്കുന്നുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാവിലെ കോടനാട് മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചാണ് വേടനെ ചോദ്യം ചെയ്തത്.

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഇവിടെ നിന്ന് വേടനെ കോടനാട് മലയാറ്റൂര്‍ ഡിവിഷൻ ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചായിരുന്നു തുടര്‍ന്നുള്ള ചോദ്യം ചെയ്യൽ. തുടര്‍ന്ന് 11 മണിയോടെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കി പെരുമ്പാവൂര്‍ കോടതിയിൽ ഹാജരാക്കി.

Content Highlights:Rapper Vedan testifies that his manager gives him drugs

dot image
To advertise here,contact us
dot image