
തൃശൂർ: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പരാതി. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണിതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
റാപ്പർ വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റ് വിവാദമായിരിക്കെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയർന്നിരിക്കുന്നത്. കഞ്ചാവ് കേസില്‍ എക്സൈസ് പിടികൂടിയതിന് പിന്നാലെയാണ് വേടന്റെ കഴുത്തിലെ പുലിപ്പല്ല് ലോക്കറ്റിലേയ്ക്ക് വനംവകുപ്പിന്റെ അന്വേഷണം നീണ്ടത്. വനംവകുപ്പ് നടത്തിയ വിശദമായ പരിശോധനയില്‍ വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായി. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
വേടനെതിരെ വനംവകുപ്പ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാന്‍സിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മൂന്നില്‍ ഹാജരാക്കിയ വേടനെ വനംവകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
Content Highlights- Tiger's tooth necklace also found around Suresh Gopi's neck, police chief receives complaint