പ്രിയ വർഗീസിൻ്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്

വിധിക്കെതിരെ അപ്പീൽ നൽകാൻ നിയമോപദേശം ലഭിച്ചതിന് പിന്നാലെ യുജിസിയുടെ നിയമവിഭാഗം കൂടിയാലോചനകൾ തുടങ്ങി

dot image

ഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വർഗീസിനെ നിയമിച്ചത് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ യുജിസി സുപ്രീം കോടതിയിലേക്ക്. വിധിക്കെതിരെ അപ്പീൽ നൽകാൻ നിയമോപദേശം ലഭിച്ചതിന് പിന്നാലെ യുജിസിയുടെ നിയമവിഭാഗം കൂടിയാലോചനകൾ തുടങ്ങി. ഒരു മാസത്തിനകം അപ്പീൽ നൽകാനാണ് നീക്കം. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാൻ യുജിസി ആവശ്യപ്പെട്ടേക്കും.

അസോസിയേറ്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് 2018 ചട്ട പ്രകാരമുള്ള അധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്ന് യുജിസി ഹൈക്കോടതിയിൽ മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഈ വാദം ഹൈക്കോടതി തള്ളുകയും നിയമനം ശരിവെക്കുകയുമായിരുന്നു. ഇതോടെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട 2018 ലെ യുജിസി ചട്ടത്തിലെ വകുപ്പ് തന്നെ അപ്രസക്തമാകുമെന്നാണ് യുജിസിക്ക് ലഭിച്ച നിയമോപദേശം.

2018ലെ യുജിസി ചട്ട പ്രകാരം അസോസിയേറ്റ് പ്രഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അധ്യാപന പരിചയം എട്ട് വർഷമാണ്. എയ്ഡഡ് കോളേജിൽ ജോലിക്ക് പ്രവേശിച്ച ശേഷം പ്രിയ വർഗീസ് ഫാക്കൽറ്റി ഡെവലപ്പ്മെൻ്റ് പ്രോഗ്രാം പ്രകാരം മൂന്ന് വർഷം പിഎച്ച്ഡി ഗവേഷണം നടത്തിയ കാലയളവും കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡൻ്റ് ഡീൻ ആയി ഡപ്യൂട്ടേഷനിൽ ജോലി ചെയ്ത രണ്ട് വർഷവും ചേർത്താണ് അധ്യാപന പരിചയം കാണിച്ചിരിക്കുന്നത്. ഗവേഷണ കാലയളവും സ്റ്റുഡൻ്റ് ഡീൻ ആയി ജോലി ചെയ്ത കാലയളവും അധ്യാപന പരിചയത്തിൽ കണക്കാക്കാനാവില്ലെന്നാണ് യുജിസി വാദം.

പ്രിയ വർഗീസിന് ലഭിച്ച വിധിയുടെ പശ്ചാത്തലത്തിൽ, 2018 ലെ റെഗുലേഷനിൽ നിഷ്കർഷിച്ച അധ്യാപന പരിചയമില്ലാത്ത മറ്റ് ഉദ്യോഗാർഥികളും അനുകൂല വിധിക്കായി കോടതിയെ സമീപിക്കുമെന്ന ആശങ്ക യുജിസിക്കുണ്ട്. ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിക്കുന്നതിന് മുൻപ് തൻ്റെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയ വർഗീസ് തടസ്സ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us