ഗുവാഹത്തി: മണിപ്പൂരില് സംഘര്ഷാവസ്ഥ തുടരുന്നതിനിടെ നാല് പേര് കൂടി കൊല്ലപ്പെട്ടു. ബിഷ്ണുപൂര് ജില്ലയിലെ കൊയിജുമന്താപി ജില്ലയില് ഇന്നലെ അര്ദ്ധരാത്രിയാണ് സംഭവം. അജ്ഞാതരായ തോക്കുധാരികളാണ് ഗ്രാമത്തിന് കാവല് നിന്നിരുന്ന മൂന്ന് പേരെ വെടിവെച്ചുകൊന്നത്. ഒരാളുടെ തലയറുത്തെന്നും പൊലീസ് പറയുന്നു.
ശനിയാഴ്ച്ച രാത്രിയുണ്ടായ വെടിവെപ്പിലും അഞ്ച് പേര്ക്ക് പരുക്കേറ്റിരുന്നു. വെടിവെപ്പില് ഗുരുതരമായി പരുക്കേറ്റവര് ഇംഫാലിലെ ആശുപത്രിയില് ചികിത്സയില് കഴിയുകയാണെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ മണിപ്പൂരിലെ കാങ്പോക്പി ജില്ലയില് രണ്ട് മാസമായി തുടരുന്ന ദേശീയപാത ഉപരോധം പിന്വലിക്കുമെന്ന് കുക്കി വിമത ഗ്രൂപ്പുകള് ഞായറാഴ്ച പ്രഖ്യാപിച്ചു. ഇംഫാലിനേയും നാഗാലാന്റിലെ ധിമാപൂര് ജില്ലയേയും ബന്ധിപ്പിക്കുന്ന ഹൈവേ മെയ് 3 മുതല് ഉപരോധിച്ചിരുന്നു. എന്നാല് അവശ്യവസ്തുക്കള് എത്തിക്കുന്നതിനാണ് ഹൈവേ ഉപരോധം പിന്വലിച്ചത്.
ജൂണ് ആദ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭ്യര്ത്ഥനയെ തുടര്ന്ന് ഉപരോധം താല്ക്കാലികമായി പിന്വലിച്ചിരുന്നു. എന്നാല് കുറച്ച് ദിവസങ്ങള്ക്ക് ശേഷം, ജൂണ് 9 ന് കാങ്പോപി ജില്ലയില് കുക്കി-സോമി സമുദായത്തില് നിന്നുള്ള മൂന്ന് പേര് കൊല്ലപ്പെട്ടതോടെ വീണ്ടും ഉപരോധം ഏര്പ്പെടുത്തുകയായിരുന്നു.