ന്യൂഡൽഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹർജികളിൽ വാദം കേൾക്കുന്നതിന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് രൂപീകരിച്ചു. ജൂലൈ 11ന് ഹർജികളിൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ്, ജസ്റ്റിസ് സജ്ഞീവ് ഖന്ന, ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എസ്കെ കൗൾ എന്നിവരടങ്ങിയ ഭരണഘടന ബെഞ്ച് ഹർജികൾ പരിഗണിക്കും.
2020 മാർച്ച് 20 ന് ശേഷം ആദ്യമായാണ് ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നത്. 2022 ൽ യുയു ലളിത് വിരമിക്കുന്നതിന് മുമ്പ് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചിരുന്നു. അന്ന് കേസ് പരിഗണിച്ച മുൻ ബെഞ്ചിലെ ജസ്റ്റിസുമാരായ എൻ വി രമണയും സുഭാഷ് റെഡ്ഡിയും വിരമിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജീവ് ഖന്നയുമാണ് പുതിയ ബെഞ്ചിലെ പുതിയ അംഗങ്ങൾ.
കേന്ദ്ര തീരുമാനം ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്ന് ഹർജികളിൽ പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ അവിടുത്തെ ജനങ്ങൾ പിന്തുണക്കുന്നില്ല. 2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാൻ സാധിക്കില്ലെന്നും ഹർജികളിൽ പറയുന്നുണ്ട്.
2019ലാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370, 35 എ ഭരണഘടനാ അനുച്ഛേദങ്ങൾ രാഷ്ട്രപതിയുടെ ഉത്തരവിലൂടെ കേന്ദ്ര സർക്കാർ റദ്ദാക്കുന്നത്. ജമ്മു കശ്മീരിനേയും ലഡാക്കിനേയും കേന്ദ്ര ഭരണപ്രദേശങ്ങളാക്കുന്ന നിയമവും സർക്കാർ കൊണ്ടുവന്നു. ഇതിനെതിരെ 20 ഓളം ഹർജികളാണ് സുപ്രീംകോടതിക്ക് മുമ്പിലുളളത്.