ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിക്കുളളിൽ അഴിച്ചുപണി നടത്തി ബിജെപി. വിവിധ സംസ്ഥാനങ്ങളിൽ അദ്ധ്യക്ഷന്മാരെ മാറ്റി പുതിയ നേതാക്കന്മാരെ നിയമിച്ചു. തെലങ്കാന സംസ്ഥാന അദ്ധ്യക്ഷനായി എംപിയും കേന്ദ്ര മന്ത്രിയുമായ ജി കിഷൻ റെഡ്ഡിയെ നിയമിച്ചു. ബന്ദി സഞ്ജയ് കുമാറിനെ മാറ്റിയാണ് കിഷൻ റെഡ്ഡിയുടെ നിയമനം.
ബിജെപി എംഎൽഎയും തെലങ്കാനയുടെ ആദ്യ ധനമന്ത്രി കൂടിയായ എടേല രാജേന്ദ്രനെ പാർട്ടിയുടെ സംസ്ഥാന തിരഞ്ഞെടുപ്പ് മാനേജ്മെൻ്റ് കമ്മിറ്റിയുടെ അദ്ധ്യക്ഷനാക്കി. കെ ചന്ദ്രശേഖർ റാവുവിന്റെ ബിആർഎസിലായിരുന്ന രാജേന്ദ്ര 2021ലാണ് ബിജെപിയിൽ എത്തിയത്.
തെലുങ്ക് ദേശം പാർട്ടിയുടെ സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായിരുന്ന എൻ ടി രാമ റാവുവിന്റെ മകളായ ദഗ്ഗുബട്ടി പുരന്ദേശ്വരി ബിജെപിയുടെ ആന്ധ്ര പ്രദേശ് അദ്ധ്യക്ഷയായി. ഝാർഖണ്ഡിലെ ആദ്യ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ബാബുലാൽ മറാണ്ടി ബിജെപിയുടെ ഝാർഖണ്ഡ് അദ്ധ്യക്ഷനായി.
തെലങ്കാന രൂപീകൃതമാവുന്നതിന് മുമ്പുളള ഐക്യ ആന്ധ്ര പ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന കിരൺ കുമാർ റെഡ്ഡിയെ ബിജെപിയുടെ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമായി നിയമിച്ചു. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ സുനിൽ കുമാർ ജാഖാർ പഞ്ചാബിൽ ബിജെപിയെ നയിക്കും.
അതേസമയം ഇന്നലെ ഡൽഹിയിൽ കേന്ദ്ര മന്ത്രിസഭ സമ്പൂർണ യോഗം ചേർന്നിരുന്നു. മന്ത്രിസഭ പുനഃസംഘടന വൈകാതെയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടയിലായിരുന്നു യോഗം. നയപരമായ വിഷയങ്ങളാണ് യോഗത്തിൽ ചർച്ച ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. ജൂലൈ ഏഴ്, എട്ട് തിയതികളിൽ നടക്കാനിരിക്കുന്ന ബിജെപി മേഖലാ യോഗങ്ങൾക്ക് ശേഷമായിരിക്കും മന്ത്രിസഭയിൽ മാറ്റം കൊണ്ടുവരികയെന്നും റിപ്പോർട്ടുണ്ട്.