ചെന്നൈ: എന്ഫോഴസ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത സെന്തില് ബാലാജിയുടെ ഹേബിയസ് കോര്പ്പസ് ഹര്ജിയില് മദ്രാസ് ഹൈക്കോടതി ബെഞ്ചിന് ഭിന്നവിധി. സെന്തില് ബാലാജിയുടേത് അനധികൃത അറസ്റ്റാണെന്നും അദ്ദേഹത്തെ വിട്ടയക്കണമെന്നും ജസ്റ്റിസ് നിഷ ഭാനു വിധിച്ചപ്പോള് ജസ്റ്റിസ് ഭരത ചക്രവര്ത്തി ഹര്ജി തള്ളി. തുടര്ന്ന് ഹര്ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് കൈമാറി. ചീഫ് ജസ്റ്റിസ് തീരുമാനിക്കുന്ന മൂന്നംഗ ബെഞ്ചാകും ഹര്ജി പരിഗണിക്കുക.
സെന്തില് ബാലാജിയുടെ ഭാര്യ എസ് മേഘല സമര്പ്പിച്ച ഹേബിയസ് കോര്പ്പസ് ഹര്ജിയിലാണ് ഭിന്നവിധി. ഹേബിയസ് കോര്പ്പസ് ഹര്ജി നിലനില്ക്കില്ലെന്നും കള്ളപ്പണം വെളുപ്പില് നിരോധന നിയമപ്രകാരം പൊലീസ് കസ്റ്റഡിയില് വിട്ടുകിട്ടാനുള്ള അധികാരം എന്ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് ഇല്ലെന്നും നിഷാ ഭാനു നിരീക്ഷിച്ചു. ഈ സാഹചര്യത്തില് സെന്തില് ബാലാജിയെ ഉടന് വിട്ടയക്കണമെന്നുമാണ് ജസ്റ്റിസ് നിഷ ഉത്തരവിട്ടത്. സെന്തിലിന്റെ ചികിത്സാ കാലാവധി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇഡി സമര്പ്പിച്ച ഹര്ജിയും ജസ്റ്റിസ് നിഷാ ഭാനു തള്ളി. എന്നാല് ഇതില് നിന്നും ഭിന്നമായ വിധിയാണ് ജസ്റ്റിസ് ഭരത ചക്രവര്ത്തി പുറപ്പെടുവിച്ചത്.
കള്ളപ്പണ നിരോധന നിയമപ്രകാരം ജൂണ് 13 നാണു മന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. മന്ത്രിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച പ്രിന്സിപ്പല് സെഷന്സ് കോടതി ജഡ്ജി കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. ജൂലൈ 12 വരെയാണ് കാലാവധി നീട്ടിയത്.
അതിനിടെ ചെന്നൈ സെന്ട്രല് ക്രൈംബ്രാഞ്ചും സെന്തില് ബാലാജിക്കെതിരെ കേസെടുത്തിരുന്നു. അഴിമതി നിരോധന നിയമ പ്രകാരമാണ് കേസെടുത്തത്.