മണിപ്പൂരില് സൈനിക ക്യാമ്പിന് നേരെ ആക്രമണം; വെടിവെപ്പില് ഒരു മരണം, ഇന്ന് സ്കൂള് തുറക്കും

അസം റൈഫിള്സിന്റെയും മറ്റ് സുരക്ഷാ സേനയുടെയും നീക്കം തടയുന്നതിനായി പ്രതിഷേധക്കാര് ഉടന് തന്നെ ഇംഫാല്-മോറെ ദേശീയ പാത തടഞ്ഞു.

dot image

ഗുവാഹത്തി: മണിപ്പൂരില് ഇന്ത്യന് റിസര്വ്ഡ് ബറ്റാലിയന്റെ ക്യാമ്പ് ആക്രമിച്ച് ആയുധങ്ങള് കവരാന് ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ വെടിവെപ്പ്. ഒരാള് കൊല്ലപ്പെട്ടു. മണിപ്പൂരിലെ തൗബാല് ജില്ലയിലായിരുന്നു സംഭവം. കുക്കി നാഷണല് ഓര്ഗനൈസേഷന് വക്താവ് ഡോ. സെയ്ലന് ഹാവോകിപിന്റെ ചൂരാചന്ദ്പൂരിലെ വീടിന് ഒരു സംഘം തീയിട്ട് മണിക്കൂറുകള്ക്കകമാണ് ആയുധങ്ങള് കവരാന് ശ്രമിച്ചത്. അസം റൈഫിള്സ് ജവാന് ഉള്പ്പെടെയുള്ളവര്ക്ക് പരിക്കേറ്റു.

ഇംഫാലില് മൂപ്പത് കിലോമീറ്റര് അകലെയുള്ള വാങ്ബാലിലെ സൈനിക ക്യാമ്പിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാര് സൈനികര്ക്ക് നേരെ കല്ലെറിഞ്ഞതോടെ സൈന്യം പ്രതിരോധിക്കുകയായിരുന്നു. തുടര്ന്ന് കണ്ണീര് വാതകവും റബ്ബര് ബുള്ളറ്റുകളും ഉപയോഗിച്ചെങ്കിലും അക്രമികള് പിന്മാറിയിരുന്നില്ല. ഇതേ തുടർന്നാണ് യന്ത്ര തോക്കുകള് ഉപയോഗിച്ച് വെടിയുതിർത്തത്.

അസം റൈഫിള്സിന്റെയും മറ്റ് സുരക്ഷാ സേനയുടെയും നീക്കം തടയുന്നതിനായി പ്രതിഷേധക്കാര് ഉടന് തന്നെ ഇംഫാല്-മോറെ ദേശീയ പാത തടഞ്ഞു. പിന്നാലെ തൗബാല് ഭരണകൂടം കര്ഫ്യൂ പുനഃസ്ഥാപിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ബിഷ്ണുപൂര്-ചുരാചന്ദ്പൂര് ഗ്രാമത്തിന് കാവല് നിന്ന രണ്ട് പേരെ അജ്ഞാതർ വെടിവെച്ച് കൊന്നിരുന്നു. ഇതിന്റെ തിരിച്ചടിയാണ് സൈന്യത്തിനെതിരായ ജനങ്ങളുടെ പ്രതിഷേധം എന്ന് സംശയിക്കുന്നു. ഇന്ത്യന് റിസര്വ്ഡ് ബറ്റാലിയന്റെ കേന്ദ്രത്തില് നിന്ന് ആയുധങ്ങള് നഷ്ടപ്പെട്ടിട്ടില്ലെന്ന് ഐആര്ബിഐ അറിയിച്ചു.

രണ്ട് മാസത്തിന് ശേഷം മണിപ്പൂരില് ഇന്ന് സ്കൂളുകള് തുറക്കും. എന്നാല് എത്രശതമാനം വിദ്യാര്ത്ഥികള് ക്ലാസില് എത്തുമെന്ന കാര്യത്തില് വ്യക്തതയില്ല. ഒന്ന് മുതല് എട്ട് വരെയുള്ള ക്ലാസുകള് ആരംഭിക്കാനാണ് തീരുമാനം. മണിപ്പൂരില് മെയ് മൂന്നിന് ആരംഭിച്ച കലാപത്തില് ഇതിനകം നൂറിലേറെ പേര് കൊല്ലപ്പെട്ടു.

dot image
To advertise here,contact us
dot image