'പെട്രോൾ വില ലിറ്ററിന് 15 രൂപയാകും'; എഥനോൾ, വൈദ്യുതി വാഹനങ്ങൾ വ്യാപകമാകുമെന്ന് നിതിൻ ഗഡ്കരി

'ഗതാഗതത്തിന്റെ കാര്യത്തിൽ ചില നിബന്ധനകൾ പാലിച്ചാൽ പെട്രോൾ വില കുറക്കാനാകും'

dot image

ജയ്പൂർ: രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 15 രൂപയാകുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. എഥനോളും വൈദ്യുതിയും ഉപയോഗിച്ചുളള വാഹനങ്ങൾ വ്യാപകമാവുകയാണ്. സർക്കാർ വിഭാവനം ചെയ്യുന്ന വിധത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ പെട്രോൾ വില ലിറ്ററിന് 15 രൂപയാകുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. രാജസ്ഥാനിലെ പ്രതാപ്ഗഡിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഡൽഹി, ബെംഗളൂരു, മുംബൈ എന്നീ പ്രധാന നഗരങ്ങളിലെല്ലാം പെട്രോൾ വില കൂടുതലാണ്. ഗതാഗതത്തിന്റെ കാര്യത്തിൽ ചില നിബന്ധനകൾ പാലിച്ചാൽ പെട്രോൾ വില കുറക്കാനാകും. ലിറ്ററിന് 15 രൂപ എന്നത് സ്വപ്നമായി തോന്നും. ഇന്ധനത്തെ ആശ്രയിക്കുന്നത് കുറയുകയും ജനങ്ങൾ വൈദ്യുതിയും എഥനോളും ഉപയോഗിക്കുന്ന വാഹനങ്ങളെ ആശ്രയിച്ചാൽ ഈ സാഹചര്യം യാഥാർത്ഥ്യമാകുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു.

'കർഷകർ ഉൽപാദിപ്പിക്കുന്ന എഥനോൾ ഉപയോഗിച്ച് ഓടുന്ന വാഹനങ്ങൾ നിരത്തുകളിലെത്തും. ഈ വാഹനങ്ങൾ ശരാശരി 60 ശതമാനം എഥനോളിലും 40 ശതമാനം വൈദ്യുതിയിലും പ്രവർത്തിക്കും. ഇത് യാഥാർത്ഥ്യമായാൽ പെട്രോൾ ലിറ്ററിന് 15 രൂപ നിരക്കിൽ ലഭ്യമാകും. ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മലിനീകരണവും ഇറക്കുമതിയും കുറയും. കർഷകരുടെ വരുമാനം വർധിപ്പിക്കും. കർഷകർ അന്നദാതാവ് മാത്രമല്ല, ഊർജ്ജദാതാവ് കൂടിയാണ് എന്നാണ് സർക്കാറിന്റെ നയം. 16 ലക്ഷം കോടിയുടേതാണ് ഇപ്പോഴത്തെ ഇറക്കുമതി. ഈ പണം കർഷകരുടെ വീടുകളിലേക്ക് പോകും,' നിതിൻ ഗഡ്കരി വ്യക്തമാക്കി.

പൂർണമായും എഥനോളിൽ ഓടുന്ന വാഹനങ്ങൾ നിരത്തിലിറക്കുമെന്ന് നിതിൻ ഗഡ്കരി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എഥനോളിലും വൈദ്യുതിയിലും ഓടുന്ന ടൊയോട്ട കാംറി കാർ ആഗസ്റ്റിൽ നിരത്തിലിറക്കും. ബജാജ്, ടിവിഎസ്, ഹീറോ എന്നീ കമ്പനികൾ 100 ശതമാനവും എഥനോളിൽ ഓടുന്ന സ്കൂട്ടറുകൾ വിപണിയിലെത്തിക്കുമെന്നും മന്ത്രി ഗഡ്കരി പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image