'കാമ്പസുകളിലെ ജാതിവിവേചനം അവസാനിപ്പിക്കാന് എന്ത് നടപടി സ്വീകരിച്ചു?'; യുജിസിയോട് സുപ്രീം കോടതി

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുയോജ്യമായ അന്തരീക്ഷം ഒരുക്കാൻ മാർഗ്ഗ നിർദ്ദേശക രേഖ തയ്യാറാക്കണമെന്നാണ് ഹർജിയിലെ ആവശ്യം

dot image

ഡൽഹി: കാമ്പസുകളിലെ ജാതിവിവേചനം അവസാനിപ്പിക്കുന്നതിൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് യുജിസിയോട് സുപ്രിം കോടതി. രോഹിത് വെമുലയുടെയും പായൽ തദ്വിയുടെയും അമ്മമാർ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ് സുപ്രിംകോടതിയുടെ നിർദ്ദേശം. നാലാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നാണ് സുപ്രിംകോടതിയുടെ ആവശ്യം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുയോജ്യമായ അന്തരീക്ഷം ഒരുക്കാൻ മാർഗ്ഗ നിർദ്ദേശക രേഖ തയ്യാറാക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

വിദ്യാർത്ഥികളുടെയും മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെയും താൽപര്യമാണിതെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും ജസ്റ്റിസ് എ എസ് ബൊപണ്ണ യുജിസിയോട് ആവശ്യപ്പെട്ടു. 'എതിർക്കുകയെന്ന താൽപര്യത്തോടെയുള്ള ഹർജിയായി ഇതിനെ കാണരുത്. ഹർജിക്കാരുടെ അഭിഭാഷകരിൽ നിന്ന് കൂടി നിർദ്ദേശങ്ങൾ തേടണം,' ജസ്റ്റിസ് എ എസ് ബൊപണ്ണ യുജിസിയോട് നിർദ്ദേശിച്ചു.

പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചത് എന്ന് ജസ്റ്റിസ് എം എം സുന്ദ്രേഷ് ചോദിച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾ വരുന്നത്. അവരിൽ ചിലർ പഠനം നിർത്തി പോകും, ചിലർ അത്ര ശോഭിക്കുന്നവരായിരിക്കില്ലെന്നും ജസ്റ്റിസ് എം എം സുന്ദ്രേഷ് പരാമർശിച്ചു.

ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ ദളിത് വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17നാണ് ആത്മഹത്യ ചെയ്തത്. മുംബൈ, ടി എൻ ടൊപിവാല നാഷണൽ മെഡിക്കൽ കോളജിലെ വിദ്യാർത്ഥിയായിരുന്ന പായൽ തദ്വി ആത്മഹത്യ ചെയ്യുന്നത് 2019 മെയ് 22നാണ്. ആദിവാസി വിഭാഗത്തിൽ നിന്നുള്ള വിദ്യാർത്ഥി ആയിരുന്നു പായൽ തദ്വി. വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് നേരിട്ട വിവേചനമായിരുന്നു ഇരുവരും ആത്മഹത്യ ചെയ്യാനുള്ള കാരണം.

2012ലെ യുജിസി ചട്ടങ്ങൾ കാമ്പസുകളിലെ വിവേചനം പരിഹരിക്കാൻ പര്യാപ്തമല്ലെന്നായിരുന്നു ഹർജിയിലെ വാദം. സീനിയർ അഭിഭാഷകയായ ഇന്ദിര ജയ്സിംഗ് ആണ് ഹർജിക്കാർക്ക് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്. രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, പായൽ തദ്വിയുടെ രക്ഷകർത്താവ് അബേദ സലിം തദ്വി എന്നിവരാണ് ഹർജിക്കാർ. ഹർജി നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us