ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനിന്റെ മുഖംമിനുക്കി റെയിൽവേ. ഓറഞ്ച്, വെളള, ചാര നിറത്തിലായിരിക്കും ഇനി വന്ദേഭാരത് ട്രാക്കിലിറങ്ങുക. നിലവിൽ നീലയും വെളളയും കലർന്നതാണ് വന്ദേഭാരതിന്റെ ഡിസൈൻ. 28 റേക്കുകളാണ് പുതിയ ഡിസൈനിൽ ഒരുങ്ങിയിരിക്കുന്നത്.
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശനിയാഴ്ച വന്ദേഭാരതിന്റെ നിർമ്മാണം നടക്കുന്ന കോച്ച് ഫാക്ടറി സന്ദർശിച്ചിരുന്നു. '25 ൽപരം മാറ്റങ്ങളാണ് വന്ദേഭാരതിൽ നടത്തിയത്. ട്രെയിനിന്റെ പ്രവർത്തന സമയത്ത് ഫീൽഡ് യൂണിറ്റുകളിൽ നിന്ന് എന്ത് ഫീഡ്ബാക്ക് ലഭിച്ചാലും അത് ഉൾക്കൊള്ളും. അത്തരം നിർദേശങ്ങൾ ഡിസൈനിൽ മാറ്റം വരുത്താൻ സഹായിക്കും,' അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇന്ത്യയുടെ ത്രിവർണ പതാകയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ട്രെയിനിന്റെ നിറം മാറ്റിയതെന്നും മന്ത്രി വ്യക്തമാക്കി. മേക്ക് ഇൻ ഇന്ത്യ എന്ന ആശയത്തിൽ നിന്ന് രാജ്യത്ത് രൂപകൽപ്പന ചെയ്തതാണ് പുതിയ വന്ദേഭാരത് ട്രെയിനുകൾ. നമ്മുടെ സ്വന്തം എൻജിനീയർമാരും സാങ്കേതിക വിദഗ്ധരും ചേർന്നാണ് രൂപകൽപ്പന ചെയ്തതെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞു.
Union Minister @AshwiniVaishnaw inspected the New Vande Bharat coaches at ICF, Chennai.@RailMinIndia @DarshanaJardosh @raosahebdanve @MIB_India @PIB_India @airnewsalerts @DDNewslive @GmIcf @GMSRailway pic.twitter.com/jWAQBvhMrA
— PIB in Tamil Nadu (@pibchennai) July 8, 2023
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഓറഞ്ച് നിറത്തിലുളള പുതിയ വന്ദേഭാരത് ട്രെയിനുകളുളളത്. വന്ദേഭാരതിന്റെ 25 റേക്കുകൾ നിയുക്ത റൂട്ടുകളിൽ ഓടാൻ തയ്യാറായിട്ടുണ്ട്. രണ്ടെണ്ണം റിസർവ് ചെയ്തിട്ടുണ്ടെന്നും റെയിൽവേ ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു.