കൊല്ക്കത്ത: വോട്ടെടുപ്പിനിടയിലും പശ്ചിമ ബംഗാളില് വ്യാപക സംഘര്ഷം തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആക്രമണത്തില് എട്ട് പേര് കൊല്ലപ്പെട്ടതായി റിപ്പോര്ട്ട്. ആക്രമണങ്ങള്ക്കിടയിലും രാവിലെ 6 മണി മുതല് പോളിംഗ് ബൂത്തുകളില് വോട്ടര്മാരുടെ നീണ്ട നിരയാണ്. അതിനിടെ അക്രമസംഭവങ്ങളെത്തുടര്ന്ന് പഞ്ചായത്ത് തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് കൊല്ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇമെയില് വഴി ഹര്ജി ലഭിച്ചെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നു. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പില് 9 മണിവരെ 10.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
പശ്ചിമബംഗാളിലേത് ജനാധിപത്യത്തിലെ ഭയപ്പെടുത്തുന്ന ദിനമെന്ന് ഗവര്ണര് ആനന്ദബോസ് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ബാലറ്റിലൂടെയാണ് നടത്തേണ്ടത്, മറിച്ച് ബുള്ളറ്റിലൂടെയല്ലെന്നും അദ്ദേഹം പറഞ്ഞു.
52 കാരനായ തൃണമൂല് പ്രവര്ത്തകന് സതേഷുദ്ദീന് ഷെയിഖിന്റെ മൃതദേഹം മുര്ഷിദാബാദിലെ ഖാര്ഗ്രയില് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോര്ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയെന്ന് തൃണമൂല് കോണ്ഗ്രസ് അറിയിച്ചു.
സാംസര്ഗഞ്ചിലെ ലസ്കര്പൂരിലെ ബൂത്തുകള്ക്ക് സമീപം ബോംബാക്രമണം റിപ്പോര്ട്ട് ചെയ്തു. നബദ്വിപ്പിലെ മഹിസുരയില് ബിജെപി ബൂത്ത് ഏജന്റിന് മര്ദ്ദനമേറ്റു. നാദിയ ജില്ലയിലെ ചപ്രയില് തൃണമൂല് കോണ്ഗ്രസും കോണ്ഗ്രസ് പ്രവര്ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലില് ഒരു തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു. 9 പേര്ക്ക് പരിക്കേല്ക്കുകയും ചെയ്തു. കോണ്ഗ്രസ് പ്രവര്ത്തകര് മൂര്ച്ചയേറിയ ആയുധങ്ങള് ഉപയോഗിച്ച് പ്രവര്ത്തകരെ ആക്രമിച്ചെന്നും ഇതാണ് മരണത്തില് കലാശിച്ചതെന്നും ടിഎംസി ആരോപിച്ചു.
പോളിംഗ് ബൂത്തിലേക്ക് കടക്കാന് ശ്രമിച്ച ബിജെപി പോളിംഗ് ഏജന്റ് മദ്ഹബ് ബിശ്വാസിനെ തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകര് തടഞ്ഞെന്നും മര്ദ്ദനത്തില് അദ്ദേഹം കൊല്ലപ്പെട്ടെന്നും ബിജെപി ആരോപിച്ചു. എന്നാല് തൃണമൂല് കോണ്ഗ്രസ് ആരോപണം നിഷേധിച്ചു.
ഈസ്റ്റ് ബര്ദ്വാന് ജില്ലയില് ഇന്നലെ വൈകിട്ട് സിപിഐഎം-ടിഎംസി പ്രവര്ത്തകര് തമ്മിലുണ്ടായ സംഘര്ഷത്തില് ഗുരുതരമായി പരിക്കേറ്റ സിപിഐഎം പ്രവര്ത്തകന് റജിബുള് ഹഖ് ഇന്ന് രാവിലെ ആശുപത്രിയില് വെച്ച് മരണപ്പെട്ടു. സൗത്ത് 24 പര്ഗാനാസ് ജില്ലയിലെ ഭംഗര് പ്രദേശത്ത് ബോംബ് പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്ക്ക് പരിക്കേറ്റു.
കൂച്ച് ബെഹാര് ജില്ലയില് തൃണമൂല് പ്രവര്ത്തകര് ബാലറ്റ് പേപ്പര് കത്തിച്ചെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന് രംഗത്തെത്തി. 'പശ്ചിമ ബംഗാളില് ജനാധിപത്യം കൊല ചെയ്യപ്പെട്ടു. കൂച്ച് ബെഹാറിലെ സീതായിലെ ബരാവിത പ്രൈമറി സ്കൂളിലെ പോളിംഗ് ബൂത്ത് നശിപ്പിക്കുകയും ബാലറ്റ് പേപ്പറുകള് കത്തിക്കുകയും ചെയ്തു.' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി അധ്യക്ഷന് ട്വീറ്റ് ചെയ്തത്.