ബംഗാളില് വ്യാപക ആക്രമണം; പ്രവര്ത്തകര് കൊല്ലപ്പെട്ടെന്ന് ടിഎംസി; ബാലറ്റ് പേപ്പര് കത്തിച്ചു

വോട്ടെടുപ്പ് ആരംഭിച്ചതിന് ശേഷം ബാംജാറില് തൃണമൂല് കോണ്ഗ്രസ്-ഐഎസ്എഫ് പ്രവര്ത്തകര് തമ്മിലുണ്ടായ സംഘര്ഷത്തില് രണ്ട് പേര്ക്ക് പരുക്കേറ്റു

dot image

കൊല്ക്കത്ത: വോട്ടെടുപ്പിനിടയിലും പശ്ചിമബംഗാളില് സംഘര്ഷാവസ്ഥ. നോര്ത്ത് 24 പര്ഗാനയിലെ പിര്ഗച്ച പഞ്ചായത്തില് സ്വതന്ത്ര സ്ഥാനാര്ത്ഥി കൊല്ലപ്പെട്ടു. 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പാണ് മരണം റിപ്പോര്ട്ട് ചെയ്തത്. സ്ഥാനാര്ത്ഥിയുടെ ക്യാമ്പ് ഓഫീസും അക്രമികള് അടിച്ചു തകര്ത്തു. പിന്നില് തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകരാണെന്നാണ് ആരോപണം. പിന്നാലെ ടാക്കി റോഡ് അടച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല് ഉടലെടുത്ത സംഘര്ഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്ത് കേന്ദ്രസേനയെ ഉള്പ്പെടെ വിന്യസിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് ആരംഭിച്ചതിന് ശേഷം ബാംജാറില് തൃണമൂല് കോണ്ഗ്രസ്-ഐഎസ്എഫ് പ്രവര്ത്തകര് തമ്മിലുണ്ടായ സംഘര്ഷത്തില് രണ്ട് പേര്ക്ക് പരുക്കേറ്റു. രണ്ട് ഐഎസ്എഫ് പ്രവര്ത്തകര്ക്കാണ് പരുക്കേറ്റത്. അതിനിടെ തങ്ങളുടെ മൂന്ന് പ്രവര്ത്തകര് കൊല്ലപ്പെട്ടെന്ന ആരോപണവുമായി തൃണമൂല് കോണ്ഗ്രസും രംഗത്തെത്തി. റെജിനഗര്, തുഫംഗഞ്ച്, ഖാര്ഗ്രാം എന്നിവിടങ്ങളില് തങ്ങളുടെ മൂന്ന് പ്രവര്ത്തകര് കൊല്ലപ്പെട്ടതായും ഡോംകോളില് രണ്ട് പ്രവര്ത്തകര്ക്ക് വെടിയേറ്റ് പരിക്കേറ്റെന്നുമാണ് തൃണമൂല് കോണ്ഗ്രസ് ആരോപിക്കുന്നത്. ഇവിടെ കേന്ദ്രസേനയുടെ പ്രവര്ത്തനം നിര്ജ്ജീവമാണെന്നും സുരക്ഷാ ക്രമീകരണം പരാജയപ്പെട്ടെന്നും തൃണമൂല് കോണ്ഗ്രസ് വിമര്ശിച്ചു.

കൂച്ച് ബെഹാര് ജില്ലയില് തൃണമൂല് പ്രവര്ത്തകര് ബാലറ്റ് പേപ്പര് കത്തിച്ചെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന് രംഗത്തെത്തി. 'പശ്ചിമ ബംഗാളില് ജനാധിപത്യം കൊല ചെയ്യപ്പെട്ടു. കൂച്ച് ബെഹാറിലെ സീതായിലെ ബരാവിത പ്രൈമറി സ്കൂളിലെ പോളിംഗ് ബൂത്ത് നശിപ്പിക്കുകയും ബാലറ്റ് പേപ്പറുകള് കത്തിക്കുകയും ചെയ്തു.' എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് ബിജെപി അധ്യക്ഷന് ട്വീറ്റ് ചെയ്തത്.

ജല്പായ്ഗുരി ജില്ലയില് തങ്ങളുടെ സ്ഥാനാര്ത്ഥികളില് ഒരാളെ ബിജെപി പ്രവര്ത്തകര് മര്ദ്ദിച്ചതായി ടിഎംസി ആരോപിച്ചു. കേന്ദ്രസേനയുടെ സാന്നിധ്യത്തിലാണ് സ്ഥാനാര്ത്ഥിക്ക് മര്ദ്ദനമേറ്റതെന്നും ഗുരുതരമായി പരിക്കേറ്റെന്നുമാണ് ആരോപണം.

ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് പശ്ചിമബംഗാളില് തുടരുകയാണ്. 2013 ലെ തദ്ദേശ തെരഞ്ഞെടുപ്പില് തൃണമൂല് കോണ്ഗ്രസിനായിരുന്നു സംസ്ഥാനത്ത് മുന്തൂക്കം. 2018 ല് 90 ശതമാനം പഞ്ചായത്ത് സീറ്റിലും 20 ജില്ലാ പഞ്ചായത്ത് സീറ്റിലും തൃണമൂല് കോണ്ഗ്രസ് വിജയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് വിട്ട കണക്ക് പ്രകാരം, 3,317 പഞ്ചായത്തുകളിലായി 63,229 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. അതേസമയം, കേന്ദ്രസേനയെ വിന്യസിക്കുന്നതുവരെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ് ഈസ്റ്റ് മെദിനിപൂര് ജില്ലയിലെ നന്ദിഗ്രാം ബ്ലോക്ക്-1 ലെ വോട്ടര്മാരുടെ തീരുമാനം.

dot image
To advertise here,contact us
dot image