കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തദ്ദേശ തിരഞ്ഞെടുപ്പിനിടെ നിരവധി ആക്രമണ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ അലിപുർദാർ ജില്ലയിലെ വനിതകൾ നയിക്കുന്ന ഒരു പോളിങ്ങ് ബൂത്തിൽ ഇതൊന്നുമല്ല പ്രശ്നം. രാഖി സർക്കാർ നയിക്കുന്ന സംഘം തിരഞ്ഞെടുപ്പ് സാമഗ്രികളുമായി ഫാലാക്കാത്തയിലെ ബൂത്തിലേക്ക് എത്തിയപ്പോൾ കണ്ടത് സർപ്രൈസ് കാഴ്ചയായിരുന്നു. ബാലറ്റ് പേപ്പറിന്റെ കെട്ടിന് പതിവിലും വലുപ്പം കൂടുതൽ. തുറന്ന് നോക്കിയപ്പോൾ ആകെയുള്ള 25 സ്ഥാനാർത്ഥികളെയും ഒറ്റ പേപ്പറിൽ രേഖപ്പെടുത്തിയിരിക്കുന്നു.
47 സെൻ്റീമീറ്റർ, 35 സെൻ്റീമീറ്റർ എന്നിങ്ങനെ വ്യത്യസ്ത അളവിലാണ് ബാലറ്റുകൾ നിർമ്മിച്ചിട്ടുള്ളത്. ഇക്കൊല്ലത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രിൻ്റ് ചെയ്തതിൽ ഏറ്റവും നീളം കൂടിയ ബാലറ്റുകളാവാം ഇതെന്നാണ് സൂചന. ഒരു ഘട്ടത്തിൽ വോട്ടെടുപ്പ് ചുമതലയില് നിന്ന് ഒഴിവാകുന്നത് പോലും സ്കൂൾ അധ്യാപികമാർ ആലോചിച്ചത്രെ! ഫാലാക്കാത്തയ്ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആകെയുള്ള 25ൽ 22 സ്ഥാനാർത്ഥികളും സ്വതന്ത്രരാണ്.
വോട്ടെടുപ്പ് ദിനം സംസ്ഥാനത്ത് പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറിയിരുന്നു. പക്ഷേ രാഖി സർക്കാരിനും സംഘത്തിനും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. പക്ഷേ വോട്ടെടുപ്പ് പുരോഗമിച്ചത് മന്ദഗതിയിലും. അതിന് കാരണമായത് വലിയ ബാലറ്റ് പേപ്പറാണ്. വോട്ടെടുപ്പ് സമയത്ത് തീരുന്നതിന് ബാലറ്റ് പേപ്പർ ഒരു വെല്ലുവിളി സൃഷ്ടിക്കുമെന്ന് ഒരിക്കലും കരുതിയില്ലെന്ന് രാഖി സർക്കാർ പ്രതികരിച്ചു.
ഉച്ചയ്ക്ക് ശേഷം ഫാലാക്കാത്തയിലെ ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസർ പ്രശ്നം മനസിലാക്കാൻ ബൂത്തിലെത്തി. വലിയ പേപ്പറുകൾ മടക്കുവാനും വോട്ടു പെട്ടിയിലാക്കാനും ഏറെ സമയം എടുത്തുവെന്ന് അധികൃതർ പറഞ്ഞു. ബാലറ്റ് പേപ്പർ മടക്കുവാൻ മാത്രമായി ഒരാളെ ഏൽപ്പിക്കേണ്ടി വന്നതായും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഫാലാക്കാത്തയിൽ പ്രസുകൾ ഇല്ലാത്തതിനാലാണ് പ്രിന്റിങ് അലിപുർദാരിലേക്ക് മാറ്റിയതെന്ന് ബോക്ക് ഡെവലപ്പ്മെൻ്റ് ഉദ്യോഗസ്ഥൻ സുപ്രതിക് മജുംദാർ പ്രതികരിച്ചു. എന്നാൽ മറ്റൊരു കാര്യത്തിൽ ആശ്വാസം ലഭിച്ചതായി മജുംദാർ അറിയിച്ചു. സ്വതന്ത്ര സ്ഥാനാർത്ഥികളുടെ എണ്ണം 22 ൽ നിന്നതാണ് അതിന് കാരണം. ആകെ 22 സ്വതന്ത്ര സ്ഥാനാർത്ഥികൾക്കുള്ള ചിഹ്നങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കൈയ്യിലുള്ളത്. ഒരാൾ കൂടി സ്വതന്ത്രനായാൽ കമ്മീഷൻ കുഴഞ്ഞേനെയെന്നും ബിഡിഒ അധികൃതർ പറഞ്ഞു.