ഇംഫാല്: 'ഹിന്ദു കി ദൂകാന്', 'മെയ്തേയ് ഐ ക്ലിനിക്' , ഇംഫാലിലെ ന്യൂ ചെക്കോണ് മാര്ക്കറ്റിലെ മിക്ക കടകളുടെയും ചുവരുകളിലും ഷട്ടറുകളിലും തൂക്കിയിട്ടിരിക്കുന്ന പോസ്റ്ററുകളിലെ എഴുത്തുകളാണിതെല്ലാം. മണിപ്പൂരില് നിലനില്ക്കുന്നത് ആഴത്തിലുള്ള വര്ഗീയ സംഘര്ഷങ്ങളാണെന്ന് ഉയര്ത്തിക്കാട്ടുന്ന കാഴ്ചകള്.
ഗോത്രവര്ഗക്കാരായ കുക്കികളും ഭൂരിപക്ഷമായ മെയ്തേയ് സമുദായവും തമ്മിലുള്ള വംശീയ അക്രമങ്ങളുടെ ഭാഗമായുള്ള ആള്ക്കൂട്ട ആക്രമണങ്ങളില് നിന്ന് സ്വന്തം സ്വത്തുവകകള് സംരക്ഷിക്കുന്നതിന് വേണ്ടിയാണ് വ്യാപാരികള് കടകള്ക്ക് മുന്നില് പോസ്റ്റര് പതിച്ചിരിക്കുന്നത്. മെയ്തേയ് വിഭാഗത്തിന്റേതാണെന്ന് അറിയുന്നതോടെ ജനക്കൂട്ടം കടയോ വീടോ ആക്രമിക്കുകയോ കത്തിക്കുകയോ ചെയ്യുന്നില്ലെന്നാണ് കട ഉടമകള് ദ പ്രിന്റിനോട് പറഞ്ഞത്.
കടകള്ക്ക് മുന്നില് മാത്രമല്ല വീടുകള്ക്ക് മുന്നിലും പോസ്റ്ററുകള് കാണാം. 'മെയ്തേയ് യം' അതായത് മെയ്തേയ് വീട് എന്നെഴുതിയ പോസ്റ്ററുകള്.
മണിപ്പൂരിന്റെ 10 ശതമാനം ഭൂമി മാത്രം ഉള്ക്കൊള്ളുന്ന ഇംഫാല് താഴ്വരയിലാണ് ഭൂരിഭാഗം മെയ്തേയ്കളും താമസിക്കുന്നത്. പ്രധാന സ്കൂളുകളും ആശുപത്രികളും ബിസിനസ്സ് ഹബ്ബുകളും സര്വ്വകലാശാലകളുമുള്ള വികസിത പ്രദേശമാണിത്. കുക്കികളും നാഗകളും താമസിക്കുന്ന ബാക്കി 90 ശതമാനം ഭൂമിയും മലയോര മേഖലയാണ്.
ഭൂരിഭാഗം മെയ്തേയ്കളും പ്രദേശത്തെ കുക്കി സമൂഹത്തിന്റെ സ്വത്തുക്കള് കണ്ടെത്തി നശിപ്പിക്കുന്നുവെന്നാണ് ആരോപണം. അക്രമങ്ങള് നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും പൂര്ണ്ണമായി നശിക്കുന്നതിന് കാരണമായി. നശിച്ച വീടുകളില് കൂടുതലും താഴ്വരയിലെ കുക്കികളുടേതെന്നാണ് റിപ്പോര്ട്ടുകള്.
'മണിപ്പൂരിലെ കുക്കി നാര്ക്കോ-ഭീകരവാദം നിര്ത്തുക', 'കുക്കി അഭയാര്ത്ഥികള് തിരികെ പോകുക' എന്നിങ്ങനെയുള്ള വലിയ ബാനറുകള് താഴ്വരയിലെ മാര്ക്കറ്റുകളിലും പ്രധാന ജംഗ്ഷനുകളിലും ഉയര്ന്നിട്ടുണ്ട്.
അക്രമം തുടങ്ങിയിട്ട് രണ്ട് മാസമായെങ്കിലും സംഘര്ഷം കെട്ടടങ്ങാതെ തുടരുകയാണ്. അക്രമങ്ങളില് മണിപ്പൂരില് ഇതുവരെ 157 പേര് കൊല്ലപ്പെടുകയും 50,000 ത്തിലധികം ആളുകളെ മാറ്റിപ്പാര്പ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് പൊലീസിന്റെ കണക്കില് പറയുന്നു.
സൈന്യം ഉള്പ്പെടെ ആയിരക്കണക്കിന് അധിക സുരക്ഷാ സേനയെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ടെങ്കിലും അക്രമം നിയന്ത്രിക്കാന് കേന്ദ്രസര്ക്കാറിന് കഴിഞ്ഞിട്ടില്ല.
ഇംഫാല് താഴ്വരയിലെ ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങള്ക്കും വലിയ നഷ്ടമാണ് ഉണ്ടായത്. ചിലരെല്ലാം ശനിയാഴ്ച മുതല് തങ്ങളുടെ കടകള് വീണ്ടും തുറക്കാന് തുടങ്ങിയിട്ടുണ്ട്.
'കഴിഞ്ഞ രണ്ട് വര്ഷമായി ഞാന് ഇവിടെ സമ്പാദിച്ചതെല്ലാം, ജോലിയും വരുമാനവുമില്ലാത്തതിനാല് കഴിഞ്ഞ രണ്ട് മാസമായി ചെലവഴിച്ചു. ഇപ്പോള് എനിക്ക് ആദ്യം മുതല് ആരംഭിക്കേണ്ടിവരുന്നു,' മാര്ക്കറ്റിലെ ഒരു ഭക്ഷണശാലയില് ജോലി ചെയ്യുന്ന ബീഹാറിലെ സമസ്തിപൂരില് നിന്നുള്ള ചന്ദന് കുമാര് ദ പ്രിന്റിനോട് പറഞ്ഞു.
രണ്ട് മാസത്തിന് ശേഷം കട തുറന്നു, പക്ഷേ ഉപഭോക്താക്കളില്ല. ചെറുകിട കച്ചവടക്കാരായ ഞങ്ങള് എങ്ങനെ അതിജീവിക്കും എന്നാണ് മറ്റൊരു വ്യാപാരിയായ അലി ചോദിക്കുന്നത്.
അക്രമസംഭവങ്ങള് വര്ധിക്കുന്ന സാഹചര്യത്തില്, മേഖലയിലെ കടയുടമകളുടെ ജീവിതം അനിശ്ചിതത്വത്തില് തുടരുകയാണ്.