
ഡൽഹി: ഫ്രാൻസിൽ നിന്ന് നാവിക സേനക്ക് വേണ്ടിയുള്ള റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇന്ത്യ ഒപ്പുവെച്ചേക്കും. അടുത്തയാഴ്ച പ്രധാനമന്ത്രി ഫ്രാൻസ് സന്ദർശിക്കും മുൻപ് ഡിഫൻസ് അക്യുസിഷൻ കൗൺസിൽ യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. ജൂലൈ 13, 14 തീയതികളിലാകും പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. സന്ദർശനവേളയിൽ ബാസ്റ്റിൽ ഡേ പരേഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയാകും.
മുപ്പതോളം മറൈൻ ജെറ്റുകൾക്കുള്ള മൾട്ടി ബില്യൺ ഡോളറിൻ്റെ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പ് വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎസിൻ്റെ എഫ്-18 സൂപ്പർ ഹോർനെറ്റുകളെക്കാൾ ഫ്രഞ്ച് റഫാലിനാണ് നാവികസേന മുൻഗണന നൽകിയതെന്നാണ് സൂചന. അതിനാൽ വിമാനങ്ങൾ വാങ്ങുന്ന നടപടിയിലേക്ക് സർക്കാർ അതിവേഗം കടന്നേക്കും. വിലയെക്കുറിച്ച് ഇത് വരെ വ്യക്തതയില്ലെങ്കിലും വ്യോമസേന വാങ്ങിയ പതിപ്പിനെക്കാളും വില കുറവാകുമെന്ന് സൂചനകളുണ്ട്.
സമയം ലാഭിക്കുന്നതിനായി ഓപ്പൺ ടെൻഡർ ഒഴിവാക്കി പകരം സർക്കാരുകൾ തമ്മിലുള്ള ഇടപാട് വഴിയാണ് യുദ്ധവിമാനങ്ങൾ വാങ്ങുകയെന്ന റിപ്പോർട്ടുകളുണ്ട്. വിമാനവാഹിനിക്കപ്പലിൽ വിന്യസിക്കാൻ അനുയോജ്യമായ വിമാനത്തിനായി നാവികസേന നടത്തിയ അന്വേഷണത്തിലാണ് റഫാൽ തിരഞ്ഞെടുത്തതെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ വിമാനവാഹിനിക്കപ്പലിൽ വിന്യസിച്ചിരിക്കുന്ന എംഐജി-29 കെയെ അപേക്ഷിച്ച് റഫാലിന് മികച്ച എയർ പവർ ഉണ്ടെന്നാണ് പറയപ്പെടുന്നത്.