കൊല്ക്കത്ത: പശ്ചിമ ബംഗാള് തദ്ദേശ തെരഞ്ഞെടുപ്പില് റീപോളിംഗ് സാധ്യത തള്ളാതെ തിരഞ്ഞെടുപ്പ് കമ്മീഷന്. വോട്ടെടുപ്പില് കൃത്രിമം നടന്നത് സംബന്ധിച്ച പരാതികള് പരിശോധിക്കുമെന്നും റിട്ടേണിംഗ് ഓഫീസര്മാരില് നിന്നും റിപ്പോര്ട്ടുകള് ലഭിച്ചതിന് ശേഷം റീപോളിംഗിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര് രാജീവ് സിന്ഹ പ്രതികരിച്ചു.
വോട്ടെടുപ്പിനിടെയുണ്ടായ അക്രമ സംഭവങ്ങളില് നാല് ജില്ലകളില് നിന്നാണ് പ്രധാനമായും പരാതി ലഭിച്ചതെന്നും വോട്ടെടുപ്പ് പ്രക്രിയ അവലോകനം ചെയ്യുമ്പോള് അതെല്ലാം കണക്കിലെടുക്കുമെന്നും രാജീവ് സിന്ഹ പറഞ്ഞു. നിരീക്ഷകരും റിട്ടേണിംഗ് ഓഫീസര്മാരും പോളിംഗ് പ്രക്രിയ സൂക്ഷ്മമായി പരിശോധിച്ച് പുനരവലോകനം ചെയ്ത ശേഷം റീപോളിംഗിനെക്കുറിച്ചുള്ള തീരുമാനം ഇന്നുണ്ടായേക്കും.
വോട്ടെടുപ്പിനിടെ പലയിടങ്ങളിലും ബാലറ്റ് പെട്ടി എടുത്ത് ഓടുകയും ബാലറ്റ് പേപ്പറുകള് കത്തിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായിരുന്നു. മാല്ഡയിലെ മഹാദിപൂരിലാണ് ബാലറ്റ് പെട്ടിയെടുത്ത് അജ്ഞാതന് ഓടിയത്. കൂച്ച് ബെഹാറിലെ ഇന്ദ്രേശ്വര് പ്രൈമറി സ്കൂളില് ബാലറ്റ് പെട്ടിയില് വെള്ളം ഒഴിച്ചതോടെ വോട്ടെടുപ്പ് തടസപ്പെട്ടിരുന്നു. കൂച്ച് ബെഹാറിലെ തന്നെ ദിന്ഹത്തയില് ബാലറ്റ് പെട്ടിക്ക് തീയിടുകയും ചെയ്തു. കള്ളവോട്ട് ചെയ്തെന്നാരോപിച്ചാണ് പ്രവര്ത്തകര് ബാലറ്റ് പെട്ടിക്ക് തീയിട്ടത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില് വ്യാപക ആക്രമണമാണ് ശനിയാഴ്ച്ച വോട്ടെടുപ്പിനിടെ നടന്നത്. സംഘര്ഷത്തില് 18 പേര് കൊല്ലപ്പെട്ടെന്നും റിപ്പോര്ട്ടുകളുണ്ട്. മുര്ഷിദാബാദില് 5 പേരും നോര്ത്ത് മുര്ഷിദാബാദിലെ കൂച്ച് ബെഹാര്, നോര്ത്ത് ദിനജ് പൂര്, മാല്ഡ എന്നിവിടങ്ങളില് 13 മരണവും റിപ്പോര്ട്ട് ചെയ്തു. അതിനിടെ 20 ജില്ലാ പഞ്ചായത്ത് സീറ്റുകളില് 16ലും തൃണമൂല് കോണ്ഗ്രസ് വിജയിക്കുമെന്ന് എക്സിറ്റ് പോള് സര്വ്വേഫലം പുറത്ത് വന്നു. രണ്ട് സീറ്റില് ബിജെപിയും ഓരോന്നില് വീതം സിപിഐഎമ്മിനും കോണ്ഗ്രസിനും മുന്തൂക്കം പ്രവചിക്കുന്ന സർവ്വേഫലമാണ് പുറത്ത് വന്നത്. 13,289 വോട്ടര്മാര്ക്കിടയിലാണ് എബിപി ആനന്ദ സി വോട്ടര് സര്വ്വേ സംഘടിപ്പിച്ചത്.