മുംബൈ: രാജ്യത്തെ ഭക്ഷ്യധാന്യങ്ങളിലെ വില വർദ്ധനവ് പച്ചക്കറികളിലും വിടാതെ പിടിച്ചതോടെ ജനങ്ങൾ ബുദ്ധിമുട്ടിലാണ്. ഭക്ഷണത്തിലെ ഒഴിച്ചുകൂടാനാവാത്ത ചേരുവയായ തക്കാളിക്കും താങ്ങാനാവാത്ത വിലയായതോടെ സാധാരണക്കാർ പ്രതിസന്ധിയിലായി. പകരമായി എന്തൊക്കെ ഉപയോഗിക്കാമെന്ന ആലോചനയിലാണ് പാചകവിദഗ്ധർ. 120 രൂപ മുതൽ 160 രൂപ വരെയാണ് ഓൺലൈനിലും ഓഫ് ലൈനിലുമൊക്കെ തക്കാളിയുടെ വില.
മൂന്ന് കാര്യങ്ങൾക്കാണ് തക്കാളി കാര്യമായി ഉപയോഗിക്കുന്നത്. ഗ്രേവിയുടെ കട്ടി കൂട്ടുന്നതിനും, വിഭവത്തിന് പുളി ചേർക്കാനും, ചുവപ്പ് നിറം നൽകാനും. മൂന്ന് കാര്യങ്ങളും ഒന്നിച്ച് തരാൻ മറ്റൊരു ചേരുവക്കും കഴിയില്ല. ഇതിനൊക്കെയും പകരം മറ്റ് ചിലത് ഉപയോഗിക്കാമെന്ന് കാണിച്ചു തരുകയാണ് മുംബൈയിലെ പാചകക്കാർ.
വിഭവങ്ങൾക്ക് പുളി ലഭിക്കാൻ നാരങ്ങ, പുളി, മാങ്ങാപ്പൊടി, കോകം എന്നിവ പരീക്ഷിക്കാമെന്നാണ് പറയുന്നത്. തൈര്, ഉരുളക്കിഴങ്ങ്, കടലമാവ് എന്നിവ ഗ്രേവിക്ക് കട്ടി കൂട്ടാൻ ഉപയോഗിക്കാം. ബീറ്റ്റൂട്ട്, ചുവന്ന കുരുമുളക്, ഫുഡ് കളറുകൾ എന്നിവ ചേർത്ത് ചുവന്ന നിറം ഉണ്ടാക്കാം. ഏറെ പ്രിയപ്പെട്ട തക്കാളിരസം പോലും മെനുവിൽ നിന്ന് ഒഴിവാക്കിയതായി പലരും പറയുന്നു. ഉള്ളിക്ക് 100 രൂപ കടന്നപ്പോൾ ഹോട്ടലുടമകൾ പലരും ഉള്ളി കുറച്ച് ചുവന്ന മത്തങ്ങ പകരം ഉപയോഗിക്കാൻ തുടങ്ങിയതായും പറയുന്നു.
പച്ചക്കറി ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങൾക്ക് പകരക്കാരെ തേടി പോകലല്ലാതെ മറ്റ് വഴികളില്ലെന്നാണ് വില വർദ്ധനവ് സൂചന തരുന്നത്. പകരം വെക്കാനില്ലാത്തതിന് ഇഷ്ടവിഭവങ്ങൾ മാറ്റിവെക്കുക മാത്രമാണ് വഴി.