കൊല്ക്കത്ത: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ സംഘര്ഷത്തില് 18 മരണം റിപ്പോര്ട്ട് ചെയ്തു. ഇതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ജൂണ് 8 മുതല് ശനിയാഴ്ച്ച വരെ 35 പേര് കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്ട്ട് ചെയ്യുന്നു. മുര്ഷിദാബാദില് 5 പേരും നോര്ത്ത് മുര്ഷിദാബാദിലെ കൂച്ച് ബെഹാര്, നോര്ത്ത് ദിനജ് പൂര്, മാല്ഡ എന്നിവിടങ്ങളില് 13 മരണവും റിപ്പോര്ട്ട് ചെയ്തു.
കൂച്ച് ബെഹാര്, നോര്ത്ത് ദിനാജ്പൂര്, മാള്ഡ എന്നിവിടങ്ങളില് യഥാക്രമം മൂന്ന്, നാല്, ഒന്ന് എന്നിങ്ങനെയാണ് മരണം. നാദിയ, കിഴക്കന് ബര്ദ്വാന്, സൗത്ത് 24 പര്ഗാനാസ് എന്നിവിടങ്ങളില് ഒരാള് വീതം മരിച്ചു. ശനിയാഴ്ച നടന്ന ആക്രമണങ്ങളില് മുര്ഷിദാബാദിലും തൊട്ടടുത്ത പ്രദേശങ്ങളിലും 200 പേര്ക്കാണ് പരിക്കേറ്റത്.
ഒമ്പത് തൃണമൂല് കോണ്ഗ്രസ് പ്രവര്ത്തകര് കൊല്ലപ്പെട്ടതായി പാര്ട്ടി ആരോപിച്ചു. കോണ്ഗ്രസിന്റെ മൂന്ന് പ്രവര്ത്തകരും രണ്ട് ബിജെപി, സിപിഐഎം പ്രവര്ത്തകരും കൊല്ലപ്പെട്ടു. നാദിയയുടെ ഹാത്തിശാലയില് തൃണമൂല്-ബിജെപി പ്രവര്ത്തകര് തമ്മിലുള്ള ഏറ്റുമുട്ടലുകളില് കേന്ദ്രസേന വെടിയുതിര്ത്തെങ്കിലും ആര്ക്കും പരിക്കില്ല.
ബംഗാളിലെ സംഘര്ഷങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. പോളിംഗ് ബുത്ത് സന്ദര്ശിക്കാനെത്തിയ ഗവര്ണറെ തടഞ്ഞ് പ്രവര്ത്തകര് ആശങ്ക പങ്കുവെക്കുന്ന സാഹചര്യമുണ്ടായി. തെരഞ്ഞെടുപ്പ് ബുള്ളറ്റിലൂടെയല്ല, മറിച്ച് ബാലറ്റിലൂടെ വേണമെന്നായിരുന്നു ഗവര്ണറുടെ പ്രതികരണം.