
ന്യൂഡല്ഹി: ഇന്ത്യന് സൈന്യത്തിന് കരുത്തേകാന് പുതിയ യുദ്ധവിമാനങ്ങളും അന്തര്വാഹിനികളും എത്തിക്കാൻ ഇന്ത്യയും ഫ്രാന്സും കരാറിൽ ഏർപ്പെടാൻ ഒരുങ്ങുന്നതായി റിപ്പോര്ട്ട്. ഈയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്സ് സന്ദര്ശിക്കുന്ന വേളയില് ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടായേക്കും.
26 റഫാല് യുദ്ധവിമാനങ്ങള്, മൂന്ന് അധിക സ്കോര്പീന് അന്തര്വാഹിനികള്, ജെറ്റ് എഞ്ചിന് സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക കൈമാറ്റം എന്നിവ കരാറിലൂടെ സാധ്യമാവുമെന്ന് ദ പ്രിന്റ് റിപ്പോര്ട്ട് ചെയ്യുന്നു.
അടുത്ത വര്ഷം ആദ്യം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ അന്തിമ കരാര് ഒപ്പിടുകയുള്ളൂ. സേനകള് സമര്പ്പിച്ച ശുപാര്ശകള് പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സുരക്ഷാഭീഷണി വര്ധിക്കുന്നതിനാല് പുതിയ ആയുധങ്ങള് എത്രയും വേഗം വേണമെന്ന് നാവികസേന ആവശ്യപ്പെടുന്നുണ്ട്. പ്രൊജക്ട് 75ന്റെ ഭാഗമായി സ്കോര്പീന് ക്ലാസ് അന്തര്വാഹിനികളും സേന ചോദിച്ചിട്ടുണ്ട്.
നേരത്തേ 36 റഫാല് വിമാനങ്ങള് ഫ്രാന്സില് നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് 2020 ജൂലൈ 29നാണ് എത്തിയത്. വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങള് നിറവേറ്റുന്നതിനായി 36 റഫാലുകള്ക്കായി 2016 സെപ്റ്റംബറിലാണ് 60,000 കോടിയുടെ കരാര് ഒപ്പിട്ടത്.
മിസൈലുകളും ആണവ പോര്മുനകളും വഹിക്കാന് ശേഷിയുള്ള മധ്യദൂര മള്ട്ടിറോള് പോര്വിമാനമായ റഫാല് പാക്കിസ്ഥാന്, ചൈന അതിര്ത്തിയോടു ചേര്ന്ന തന്ത്രപ്രധാന വ്യോമതാവളങ്ങളിലാണ് വിന്യസിച്ചിരിക്കുന്നത്.