കൊല്ക്കത്ത: പശ്ചിമബംഗാള് പഞ്ചായത്ത് റീ പോളിംഗിനിടെ ഒറ്റപ്പെട്ട സംഘര്ഷം. ബിജെപി 'ഗുണ്ടകള്' പ്രവര്ത്തകനെ ക്രൂരമായി മര്ദ്ദിച്ചെന്നാരോപിച്ച് തൃണമൂല് കോണ്ഗ്രസ് രംഗത്തെത്തി. താലുക്ക് പ്രസിഡന്റ് ചഞ്ചല് ഖന്നയെ ആക്രമിക്കുകയും അദ്ദേഹത്തിന്റെ വാഹനം അഗ്നിക്കിരയാക്കിയെന്നുമാണ് തൃണമൂല് ആരോപണം. ക്രമസമാധാനം നിലനിര്ത്താന് കേന്ദ്രസേനയെ വിന്യസിച്ച അതേ ബിജെപിയാണ് ഈ അന്യായം നടത്തുന്നതെന്നും തൃണമൂല് കോണ്ഗ്രസ് ട്വീറ്റ് ചെയ്തു. കേന്ദ്രസേനയുടെ കര്ശന സുരക്ഷയിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
സംസ്ഥാനത്തെ 679 ബൂത്തിലാണ് ഇന്ന് റീപോളിംഗ് നടക്കുന്നത്. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ശനിയാഴ്ച്ച നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില് വ്യാപക സംഘര്ഷം ഉണ്ടായിരുന്നു. സംഘർഷങ്ങളിലും ആക്രമണങ്ങളിലും 18 പേര് കൊല്ലപ്പെടുകയും ചെയ്തതതോടെയാണ് റിപോളിംഗ് പ്രഖ്യാപിച്ചത്. ബാലറ്റ് പെട്ടി കത്തിക്കുക, ബാലറ്റ് പെട്ടിയിലേക്ക് വെള്ളം ഒഴിക്കുക, പെട്ടിയെടുത്തോടുക തുടങ്ങിയ ഗുരുതര നടപടികള് പല ബൂത്തുകളില് റിപ്പോര്ട്ട് ചെയ്തിരുന്നു.
അക്രമ സംഭവങ്ങള് വിലയിരുത്തിയ ശേഷമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റീ പോളിംഗ് പ്രഖ്യാപിച്ചത്. വ്യാപക ആക്രമണം നടന്ന മുര്ഷിദാബാദിലെ 175 ബൂത്തുകളില് റീപോളിംഗ് ഏര്പ്പെടുത്തിയിട്ടുണ്ട്. മാല്ഡയില് 110 ബൂത്തുകള്, നാദിയയില് 89 ബൂത്തുകള്, കൂച്ച് ബിഹാര് (53), നോര്ത്ത് 24 പര്ഗാനാസ് (46), നോര്ത്ത് ദിനജ്പൂര് (42, സൗത്ത് 24 പര്ഗാനാസ് (36), ഈസ്റ്റ് മിഡ്നാപൂര് (31), ഹൂഗ്ലി (29), സൗത്ത് ദിനജ്പൂര് (18), ബിര്ഭൂം (14), ജാല്പായ്ഗുരി (14), വെസ്റ്റ് മിഡ്നാപൂര് (10), ഹൗറ (8), ബങ്കുര (8), വെസ്റ്റ് ബുര്ദ്വാന് (6), ഈസ്റ്റ് ബുര്ദ്വാന് (3), അലിപുര്ദ്വാര് (1) എന്നിങ്ങളിലാണ് രണ്ടാമതും വോട്ടെടുപ്പ് നടക്കുന്നത്.
അതിനിടെ ശനിയാഴ്ച്ച നടന്ന വോട്ടെടുപ്പില് സംഘര്ഷ സാധ്യതാ ബൂത്തുകളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടില്ലെന്ന ആരോപണവുമായി ബിഎസ്എഫ് കോര്ഡിനേറ്റര് രംഗത്തെത്തി. ജൂലൈ 5 മുതല് ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി കത്ത് അയച്ചിരുന്നുവെന്നും ബിഎസ്എഫ് ഡെപ്യൂട്ടി ഇന്സ്പെക്ടര് ജനറല് എസ് എസ് ഗുലേറിയ പറഞ്ഞു. കേന്ദ്രസേനയുടെ കോര്ഡിനേറ്റര് കൂടിയായിരുന്നു എസ് എസ് ഗുലേറിയ. അതേസമയം ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളി.