കൊല്ക്കത്ത: ബംഗാള് പഞ്ചായത്ത് തിരഞ്ഞെടുപ്പില് സംഘര്ഷ സാധ്യതാ ബൂത്തുകളുടെ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടില്ലെന്ന ആരോപണവുമായി ബിഎസ്എഫ് കോര്ഡിനേറ്റര്. ജൂലൈ 5 മുതല് ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് നിരവധി കത്ത് അയച്ചിരുന്നുവെന്നും ബിഎസ്എഫ് ഡെപ്യൂട്ടി ഇന്സ്പെക്ടര് ജനറല് എസ് എസ് ഗുലേറിയ പറഞ്ഞു. കേന്ദ്രസേനയുടെ കോര്ഡിനേറ്റര് കൂടിയായിരുന്നു എസ് എസ് ഗുലേറിയ. അതേസമയം ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന് തള്ളി.
'കുറച്ച് കോഡിനേഷന് യോഗങ്ങള് മാത്രമാണ് ചേര്ന്നത്. 61,636 പോളിംഗ് ബൂത്തുകളില് 4,834 ബൂത്തുകള് ആക്രമണ സാധ്യതയുള്ളതാണെന്ന് ഒരു കത്തിനുള്ള മറുപടിയില് തിരഞ്ഞെടുപ്പ് കമ്മീഷന് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും വിശദാംശങ്ങള് നല്കിയിരുന്നില്ല.' ഗുലേറിയ ആരോപിച്ചു.
തെറ്റായ ആരോപണമാണ് ബിഎസ്എഫ് ഉന്നയിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് സിന്ഹ പറഞ്ഞു. ആക്രമണ സാധ്യതയുള്ള പ്രദേശങ്ങളുടെ വിശദമായ വിവരം ബിഎസ്എഫ് ഉദ്യോഗസ്ഥര്ക്ക് കൈമാറുകയും ഇതില് ചര്ച്ചകള് സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും രാജീവ് സിന്ഹ കൂട്ടിച്ചേര്ത്തു.
ജില്ലാ അടിസ്ഥാനത്തിലുള്ള വിവരങ്ങള് സംസ്ഥാന പൊലീസിനും കൈമാറിയിരുന്നു. അക്കാര്യം സേന സ്ഥിരീകരിച്ചതുമാണ്. അങ്ങനെയല്ലെങ്കില് പിന്നെ, കൃത്യമായി ആക്രമണ സാധ്യതയുള്ള ഏരിയയില് തന്നെ കേന്ദ്ര സേനയെ എങ്ങനെ വിന്യസിച്ചുവെന്നും കമ്മീഷന് മേധാവി ചോദിച്ചു.
തിരഞ്ഞെടുപ്പില് സംഘര്ഷങ്ങളുണ്ടാകാന് കാരണം കേന്ദ്രസേനയെ വേണ്ടവിധം വിന്യസിക്കാത്തതെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഘര്ഷസാധ്യതാ പ്രദേശങ്ങളില് കേന്ദ്രസേനയെ വിന്യസിച്ചിരുന്നെങ്കില് ഇത്രയധികം ആക്രമണങ്ങളുണ്ടാകില്ലായിരുന്നു എന്നും ജനങ്ങള്ക്ക് ഭീതി കൂടാതെ വോട്ടവകാശം വിനിയോഗിക്കാന് കഴിയുമായിരുന്നു എന്നുമാണ് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞത്.