കൊൽക്കത്ത: ബംഗാളിൽ വോട്ടെണ്ണൽ പുരോഗമിക്കവെ അക്രമികൾക്ക് മുന്നറിയിപ്പ് നൽകി ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. സംഘർഷമുണ്ടാക്കുന്നവർക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തും. തെരുവിലിറങ്ങി അക്രമം നടത്തുന്നവർ അവരുടെ ജന്മത്തെ ശപിക്കും. ഗുണ്ടകളെയും നിയമലംഘകരെയും നേരിടുന്നതിനായി എല്ലാ സർക്കാർ സംവിധാനങ്ങളും രംഗത്തിറങ്ങുമെന്നും ആനന്ദ ബോസ് പറഞ്ഞു.
അതേസമയം ഡയമണ്ട് ഹാർബറിലെ വോട്ടെണ്ണൽ കേന്ദ്രത്തിന് നേരെ ബോംബേറുണ്ടായിട്ടുണ്ട്. ഡയമണ്ട് ഹാർബറിലെ ഫക്കീർചന്ദ് കോളേജിന് മുന്നിലാണ് ബോംബേറ് ഉണ്ടായത്. പ്രതിപക്ഷത്തെ കൗണ്ടിംഗ് ഏജന്റുമാർക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പ്രവേശനം നിഷേധിച്ചതായും റിപ്പോർട്ടുണ്ട്. ഹൗറയിൽ ജനക്കൂട്ടം വോട്ടെണ്ണല് കേന്ദ്രത്തിലേക്ക് തള്ളിക്കയറാന് ശ്രമിച്ചത് തടയാൻ പൊലീസ് ലാത്തിച്ചാര്ജ് നടത്തിയതായും റിപ്പോർട്ടുകള് പറയുന്നു.
Panchayat election | West Bengal Governor CV Ananda Bose says, "There will be a relentless fight against growing violence in Bengal. Those who commit violence in the field will be made to curse the day they are born. All authorities will come down with a heavy hand on the goons… pic.twitter.com/Sgq8LiGXTP
— ANI (@ANI) July 11, 2023
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുളളത്. ആദ്യ ഫലസൂചനകളിൽ തൃണമൂൽ കോൺഗ്രസിനാണ് മുൻതൂക്കം. നോര്ത്ത് 24 പര്ഗാനസിലെ ഗ്രാമ പഞ്ചായത്ത് സീറ്റില് തൃണമൂല് കോണ്ഗ്രസ് ജയിച്ചു.
സംഘർഷത്തെ തുടർന്ന് തിരഞ്ഞെടുപ്പ് അസാധുവാക്കിയ 19 ജില്ലകളിലെ 697 ബൂത്തുകളിൽ റീ പോളിംഗ് നടത്തിയിരുന്നു. റീ പോളിംഗിന് തൊട്ടുപിന്നാലെ ഗവർണർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ഡൽഹിയിലെത്തി കണ്ടിരുന്നു. 'ശീതകാലം വന്നാൽ വസന്തം വളരെ പിന്നിലാകുമെന്ന സന്ദേശമാണ് എനിക്ക് നൽകാനുളളത്. വരും ദിവസങ്ങളിൽ നല്ലത് സംഭവിക്കും,' അമിത് ഷായെ കണ്ട ശേഷം ഗവർണർ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമങ്ങളിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ജനപ്രീതിയുടെ പരീക്ഷണമായിട്ടാണ് ത്രിതല തിരഞ്ഞെടുപ്പിനെ വിലയിരുത്തുന്നത്.