ആർട്ടിക്കിൾ 370 റദ്ദാക്കൽ; ഹർജികളിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും

ഹർജികളിൽ വാദം കേൾക്കുന്നത് മൂന്ന് വർഷത്തിന് ശേഷം

dot image

ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ സമർപ്പിക്കപ്പെട്ട ഹർജികളിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും. മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷമാണ് ഹർജികളിൽ വാദം കേൾക്കുന്നത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായി, സൂര്യ കാന്ത് എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.

ജമ്മു കശ്മീർ ജനതയുടെ സമ്മതമില്ലാതെ സർക്കാരിന് ആർട്ടിക്കിൾ 370 റദ്ദാക്കാനാകുമോ എന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുന്നത് ഭരണഘടനാപരമായതാണോ എന്നും കോടതി പരിശോധിക്കുമെന്നാണ് വിലയിരുത്തൽ. 2020 മാർച്ച് 20 ന് ശേഷം ആദ്യമായാണ് ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നത്. 2022 ൽ യു യു ലളിത് വിരമിക്കുന്നതിന് മുമ്പ് ഹർജികൾ പരിഗണിക്കാൻ തീരുമാനിച്ചിരുന്നു. അന്ന് കേസ് പരിഗണിച്ച മുൻ ബെഞ്ചിലെ ജസ്റ്റിസുമാരായ എൻ വി രമണയും സുഭാഷ് റെഡ്ഡിയും പിന്നീട് വിരമിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് സഞ്ജീവ് ഖന്നയുമാണ് പുതിയ ബെഞ്ചിലെ അംഗങ്ങൾ.

കേന്ദ്ര തീരുമാനം ഫെഡറൽ സംവിധാനത്തെ വെല്ലുവിളിക്കുന്നതാണെന്ന് ഹർജികളിൽ പറയുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സർക്കാർ തീരുമാനത്തെ അവിടുത്തെ ജനങ്ങൾ പിന്തുണക്കുന്നില്ല. 2019 ലെ ജമ്മു കശ്മീർ പുനഃസംഘടന നിയമമനുസരിച്ച് സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കാൻ സാധിക്കില്ലെന്നും ഹർജികളിൽ പറയുന്നുണ്ട്.

ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകുന്ന ആർട്ടിക്കിൾ 370 2019 ൽ റദ്ദാക്കിയതിലൂടെ പ്രദേശത്തെ സമാധാനത്തിലേക്ക് നയിച്ചെന്ന് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജമ്മു കശ്മീർ തീവ്രവാദത്തെ അഭിമുഖീകരിക്കുകയാണ്. ഇത് തടയാൻ ആർട്ടിക്കിൾ 370 എടുത്തുകളയുക മാത്രമാണ് ഏക പോംവഴി എന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന 370, 35 എ ഭരണഘടനാ അനുച്ഛേദങ്ങൾ കേന്ദ്ര സർക്കാർ റദ്ദാക്കിയത്. ജമ്മു കശ്മീരിനേയും ലഡാക്കിനേയും കേന്ദ്ര ഭരണ പ്രദേശങ്ങളാക്കുന്ന നിയമവും സർക്കാർ കൊണ്ടുവന്നു. ഇതിനെതിരെ ഇരുപതോളം ഹർജികളാണ് സുപ്രീംകോടതിക്ക് മുമ്പിലുളളത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us