കുനോ നാഷണല് പാര്ക്കിലെത്തിച്ച ഒരു ദക്ഷിണാഫ്രിക്കന് ചീറ്റ കൂടി ചത്തു. ഈ വര്ഷം ഫെബ്രുവരിയില് കുനോയില് എത്തിച്ച തേജസ് എന്ന ചീറ്റയാണ് ചത്തത്. നാലുവയസ്സോളം പ്രായമുള്ള തേജസ് ഏറ്റമുട്ടലില് കൊല്ലപ്പെട്ടതാണെന്ന പ്രാഥമിക സൂചനയാണ് അധികൃതര് നല്കുന്നത്.
തേജസ് അടക്കം ഏഴ് ചീറ്റകളാണ് ഇതുവരെ കുനോയില് ചത്തത്. അതില് മൂന്ന് ചീറ്റ കുഞ്ഞുങ്ങളും ഉള്പ്പെടും. പുതിയതായി രണ്ട് ചീറ്റകളെക്കൂടി കുനോയിലേക്ക് തുറന്നുവിട്ട് ഒരു ദിവസത്തിനുള്ളിലാണ് തേജസ് ചത്തവിവരം പുറത്ത് വരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് കഴുത്തിന് മുറിവേറ്റ നിലയില് തേജസിനെ കണ്ടെത്തിയത്. പിന്നീട് വെറ്റിനറി ഡോക്ടര് എത്തിയപ്പോഴേക്കും തേജസിനെ മരിച്ച നിലയില് കണ്ടെത്തുകയായിരുന്നു. തേജസിന്റെ യഥാര്ത്ഥ മരണകാരണം പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് പുറത്ത് വന്നതിന് ശേഷമെ വ്യക്തമാകുവെന്നാണ് അധികൃതര് പുറത്തിറക്കിയ പത്രക്കുറിപ്പില് പറയുന്നത്.
ഈ വര്ഷം മാര്ച്ചില് ജ്വാല എന്ന പെണ്ചീറ്റ നാലു കുഞ്ഞുങ്ങള്ക്ക് ജന്മം നല്കിയിരുന്നു. ഇതില് മൂന്നെണ്ണവും മെയ് മാസത്തില് നിര്ജ്ജലീകരണം മൂലം ചത്തിരുന്നു. നമീബിയയില് നിന്നെത്തിച്ച സിയായ 2022 സെപ്തംബറിലും സാക്ഷ കിഡ്നി തകരാറിനെ തുടര്ന്ന് മാര്ച്ചിലും ദക്ഷിണാഫ്രിക്കയിയില് നിന്നുള്ള ഉദയ് ഏപ്രിലിലും ചത്തിരുന്നു. ഇണചേരാനുള്ള ശ്രമത്തിനിടയില് മെയ് മാസത്തില് ദക്ഷയെന്ന ചീറ്റ ചത്തിരുന്നു.
അഞ്ച് ആണ്, മൂന്ന് പെണ് ചീറ്റകള് ഉള്പ്പെടെ നമീബിയയില് നിന്നെത്തിച്ച എട്ടു ചീറ്റകളെ 2022 സെപ്തംബര് 17നാണ് കുനോയിലേയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിട്ടത്. 2023 ഫെബ്രുവരി 12ന് ദക്ഷിണാഫ്രിക്കയില് നിന്നും എത്തിച്ച 12 ചീറ്റകളെയും കുനോയില് തുറന്നുവിട്ടിരുന്നു. പീന്നിട് ഉണ്ടായ 4 ചീറ്റ കുഞ്ഞുങ്ങള് അടക്കം 24 ചീറ്റകളാണ് കുനോയില് ഉണ്ടായിരുന്നത്. ഏഴ് ചീറ്റകള് ചത്തതോടെ ഇപ്പോള് കുനോയിലെ ചീറ്റകളുടെ എണ്ണം 17 ആയി കുറഞ്ഞിട്ടുണ്ട്.