ഡൽഹി : കനത്ത മഴയെ തുടർന്ന് ഡൽഹി, യുപി, പഞ്ചാബ്, ഹരിയാന ഉൾപ്പെടെയുള്ള സമതല സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി. മരുഭൂമി സംസ്ഥാനമായ രാജസ്ഥാൻ മുതൽ മലയോര സംസ്ഥാനങ്ങൾ വരെ പ്രളയക്കെടുതിയിൽ വലയുകയാണ്. ഗംഗ, യമുന, ബിയാസ് എന്നീ പ്രധാന നദികളും കരകവിഞ്ഞൊഴുകുന്നു. ഗ്രാമങ്ങളിലും വയലുകളിലും വെള്ളം കയറി. ആയിരക്കണക്കിന് ഹെക്ടർ കൃഷി നശിച്ചു.
മലയോരങ്ങളിൽ മഴ കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. 17,000 വിനോദസഞ്ചാരികൾ ഹിമാചലിലെ കുളു വിനോദസഞ്ചാര കേന്ദ്രങ്ങളായ മണാലി, മണികർണ, ബഞ്ചാർ എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. ചാർധാം യാത്രയും തടസ്സപ്പെട്ടിട്ടുണ്ട്. 24 മണിക്കൂറിനിടെ 16 പേർ കൂടി മരിച്ചു. ഇതിൽ എട്ട് മരണം ഉത്തരാഖണ്ഡിലും നാലെണ്ണം യുപിയിലുമാണ്. മൂന്ന് ദിവസത്തിനിടെ ഹിമാചലിൽ മാത്രം 31 പേരാണ് മരിച്ചത്. മണ്ണിടിച്ചിലിനെത്തുടർന്ന് ജമ്മു-ശ്രീനഗർ ഹൈവേ, മണാലി-ലേ, മണാലി-ചണ്ഡീഗഡ് ദേശീയ പാത എന്നിവയുൾപ്പെടെ 1,500ൽ അധികം റോഡുകൾ അടച്ചു.
ചൊവ്വാഴ്ച രാത്രിയോടെ ദേശീയ തലസ്ഥാനത്ത് യമുന ജലനിരപ്പ് 206.76 മീറ്ററിലെത്തി. ഇത് 10 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. നേരത്തെ 2013ൽ 207.32 മീറ്ററായിരുന്നു ജലനിരപ്പ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ചെങ്കോട്ടയ്ക്ക് സമീപമുള്ള പഴയ ഇരുമ്പ് പാലത്തിൽ റെയിൽ - വാഹന ഗതാഗതം നിർത്തിവച്ചു. യമുനയിലെയും ഖട്ടറിലെയും വെള്ളപ്പൊക്കത്തെത്തുടർന്ന് ഹരിയാനയിലെ പാനിപ്പത്തിലെ നവാഡയിലും തംഷാബാദിലും അണക്കെട്ടുകൾ തകർന്നു. കുരുക്ഷേത്ര, ഹിസാർ, കർണാൽ, ഭിവാനി, യമുനാനഗർ എന്നിവിടങ്ങളിലെ നൂറുകണക്കിന് ഗ്രാമങ്ങളിൽ വെള്ളം കയറി. ഹിസാർ മുതൽ അംബാല ദേശീയ പാത ഉൾപ്പെടെ നിരവധി റോഡുകൾ അടച്ചു. ഭിവാനി, യമുനാനഗർ എന്നിവിടങ്ങളിലെ നൂറുകണക്കിന് ഗ്രാമങ്ങളിൽ വെള്ളം കയറി.