കറിയിൽ തക്കാളിയുടെ എണ്ണം കൂടി, വഴക്ക്; ഭാര്യ ഭർത്താവിനോട് പിണങ്ങി വീട്ടിൽ നിന്നിറങ്ങിപ്പോയി

വില കൂടിയ തക്കാളി, ഭർത്താവ് തന്നോട് ചോദിക്കാതെ ഉപയോഗിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്. ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാഗ്വാദം ഉണ്ടാകുകയും വഴക്കായി മാറുകയുമായിരുന്നു.

dot image

ഭോപ്പാൽ: തക്കാളിവില റോക്കറ്റ് വേഗത്തിൽ ഉയർന്നതോടെ കുടുംബ ബജറ്റിന്റെ താളം തെറ്റുന്ന അവസ്ഥയാണെന്നത് പരക്കെ ചർച്ചയായിട്ടുണ്ട്. സാമ്പത്തികസ്ഥിതിയാകെ താറുമാറായ സ്ഥിതിയാണെന്ന് ജനങ്ങൾ പരാതിപ്പെടുന്നുമുണ്ട്. എന്നാൽ, തക്കാളിവില കുടുംബജീവിതം തന്നെ തകർത്താലോ! മധ്യപ്രദേശിൽ നിന്നാണ് അത്തരമൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്. കറിയിൽ തക്കാളിയുടെ എണ്ണം കൂടിപ്പോയതിന് ഭാര്യ ഭർത്താവിനോട് പിണങ്ങി വീടുവിട്ട് പോയെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മധ്യപ്രദേശിലെ സഹോദാൽ ജില്ലയിലാണ് സംഭവം. സഞ്ജീവ് ബർമന് ടിഫിൻ സർവ്വീസ് ആണ് ജോലി. പാചകം ചെയ്ത കറിയിൽ രണ്ട് തക്കാളി ഉപയോഗിച്ചതാണ് സഞ്ജീവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചിരിക്കുന്നത്. ഭാര്യയോട് ചോദിക്കാതെ രണ്ട് തക്കാളിയെടുത്ത് പാചകം ചെയ്തത് വഴക്കിലെത്തുകയായിരുന്നു. വില കൂടിയ തക്കാളി, ഭർത്താവ് തന്നോട് ചോദിക്കാതെ ഉപയോഗിച്ചതാണ് യുവതിയെ പ്രകോപിതയാക്കിയത്. ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാഗ്വാദം ഉണ്ടാകുകയും വഴക്കായി മാറുകയുമായിരുന്നു. പിന്നാലെ, മകളെയും കൂട്ടി ഭാര്യ വീട് വിട്ട് പോയതായും സഞ്ജീവ് പറയുന്നു. അവരെ കണ്ടുപിടിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി സഹായം തേടിയിരിക്കുകയാണ് യുവാവ്.

സഞ്ജീവ് പരാതി നൽകിയതായി പൊലീസ് സ്ഥിരീകരിച്ചു. മൂന്നു ദിവസമായി ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും അവരെവിടെയാണെന്ന് അറിയില്ലെന്നും സഞ്ജീവ് പറഞ്ഞതായി പൊലീസ് അറിയിച്ചു. എത്രയും വേഗം ഭാര്യയെയും മകളെയും കണ്ടെത്തി തിരികെ കൊണ്ടുവരാമെന്ന് ഉറപ്പ് നൽകിയാണ് പൊലീസുകാർ സഞ്ജീവിനെ സമാധാനിപ്പിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us