ഇംഫാല്: മണിപ്പൂരില് വീണ്ടും സംഘര്ഷം. ബിഷ്ണുപൂര്-ചൂരാചന്ദ് അതിര്ത്തിയിലാണ് സംഘര്ഷം. താങ്ബൂവില് വീടുകള്ക്ക് തീവെച്ചു. മേഖലയില് വെടിവെപ്പ് നടന്നതായും റിപ്പോര്ട്ടുകളുണ്ട്.
സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രി രാജിവെക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്ക്കാരുകളാണ് കലാപം രൂക്ഷമാക്കിയത്. ഭിന്നിച്ചു ഭരിക്കുകയെന്ന നയമാണ് കേന്ദ്രം മണിപ്പൂരില് നടപ്പിലാക്കിയത്. ജൂലൈ 25 ന് രാജ്യവ്യാപകമായി മണിപ്പൂരിന് ഐക്യദാര്ഢ്യം പ്രഖ്യാപിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിപിഐ അറിയിച്ചു.
ശനിയാഴ്ച്ച വെസ്റ്റ് ഇംഫാലില് പാചക വാതക സിലിണ്ടറുകള്കൊണ്ടുപോകുന്ന മൂന്ന് ട്രക്കുകള്ക്ക് ഒരു വിഭാഗം തീവെച്ചത് വീണ്ടും സംഘര്ഷങ്ങള്ക്കിടയാക്കി. വാഹനത്തിലുണ്ടായിരുന്നത് ഒഴിഞ്ഞ സിലിണ്ടറുകള് ആയതിനാലാണ് വലിയ അപകടം ഒഴിവായത്. അതിനിടെ സംഘര്ഷം തുടരുന്ന പശ്ചാത്തലത്തില് മണിപ്പൂരില് ഇന്റര്നെറ്റ് പുനഃസ്ഥാപിക്കുന്നത് ജൂലൈ 20 ലേക്ക് മാറ്റി.
സംഘര്ഷം ഒഴിഞ്ഞ പ്രദേശങ്ങളില് ബാങ്കുകള് തുറക്കുമ്പോള് പല ബാങ്കുകളില് നിന്നും കോടികള് നഷ്ടപ്പെട്ടെന്നും റിപ്പോര്ട്ടുകളുണ്ട്. കാങ്പോപ്കി ജില്ലയിലെ മണിപ്പൂര് കോഓപ്പറേറ്റീവ് ബാങ്കിന്റെ ശാഖയില് നിന്ന് ഒരു കോടിയോളം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങള് മോഷണം പോയിട്ടുണ്ട്. നേരത്തെ ചൂരാചന്ദ്പൂരിലെ ആക്സിസ് ബാങ്ക് തുറന്നപ്പോള് രണ്ടേകാല് കോടിയുടെ പണവും ആഭരണങ്ങളും മോഷണം പോയതായി കണ്ടെത്തിയിരുന്നു.
അതിനിടെ മണിപ്പൂര് കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യന് യൂണിയന് പാര്ലമെന്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. പ്രമേയം വരാതിരിക്കാന് ഇന്ത്യ നയതന്ത്ര ഇടപെടല് നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാന് സര്ക്കാര് നടപടിയെടുക്കണമെന്നും യൂറോപ്യന് യൂണിയന് പാര്ലമെന്റ് ആവശ്യപ്പെട്ടു.