ഡല്ഹി: പ്രതിപക്ഷ പാര്ട്ടികള്ക്കിടയില് കോണ്ഗ്രസിന് സവിശേഷമായ സ്ഥാനമുണ്ടെന്നും പക്ഷെ അതിപ്പോള് സംസാരിക്കേണ്ട ആവശ്യമില്ലെന്നും കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവ് പി ചിദംബരം. പ്രതിപക്ഷ പാര്ട്ടികളുടെ യോഗം ബംഗളൂരുവില് ആരംഭിക്കാനിരിക്കെയാണ് പി ചിദംബരം പിടിഐക്ക് നല്കിയ അഭിമുഖത്തില് നിലപാട് വ്യക്തമാക്കിയത്. പ്രതിപക്ഷം ഐക്യത്തോടെ ഒരുമിച്ച് നിന്നാല് 2024ലെ പൊതുതെരഞ്ഞെടുപ്പില് നരേന്ദ്രമോദിയെ വെല്ലുവിളിക്കാമെന്നും ചിദംബരം വ്യക്തമാക്കി. ബിജെപി വിരുദ്ധ പ്രതിപക്ഷത്തിന്റെ നേതാവ് യഥാസമയം ഉയര്ന്നുവരുമെന്നും ചിദംബരം പറഞ്ഞു.
പ്രതിപക്ഷ പാര്ട്ടികളുടെ പാട്ന യോഗത്തില് ഡല്ഹി ഓര്ഡിനന്സ് വിഷയം ആം ആദ്മി പാര്ട്ടി ഉയര്ത്തിയ രീതി നിര്ഭാഗ്യകരമാണെന്നും ചിദംബരം പ്രതികരിച്ചു. ഓരോ വിഷയവും അതിന്റെ പ്രാധാന്യത്തിനനുസരിച്ച് ശരിയായ സ്ഥലത്ത് ശരിയായ സമയത്ത് തീരുമാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പ്രതിപക്ഷ പാര്ട്ടികള്ക്ക് പലവിഷയങ്ങളിലും സമാനമായ നിലപാടുണ്ടെന്ന് ചൂണ്ടിക്കാണിച്ച ചിദംബരം ബിജെപി സര്ക്കാരിന്റെ സാമൂഹ്യ-സാമ്പത്തിക നയങ്ങളെ എതിര്ക്കുന്ന വിഷയത്തില് പ്രതിപക്ഷം ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കി. താഴ്ന്ന നിലയിലുള്ള സാമ്പത്തിക വളര്ച്ച, ഉയര്ന്ന പണപ്പെരുപ്പം, ഉയര്ന്ന തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിലെല്ലാം പ്രതിപക്ഷത്തിന് ആശങ്കയുണ്ട്. പൗരാവകാശങ്ങള് വെട്ടിച്ചുരുക്കുന്നതും മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതിലും ഭരണഘടനാ സ്ഥാപനങ്ങളെ ദുര്ബലമാക്കുന്നതിലും കേന്ദ്ര അന്വേഷണ ഏജന്സികളെ ദുരുപയോഗിക്കുന്നതിലും പ്രതിപക്ഷത്തിന് ആശങ്കളുണ്ട്, ചിദംബരം വ്യക്തമാക്കി.
അതിര്ത്തിയിലെ സുരക്ഷാ വിഷയങ്ങളില് പ്രതിപക്ഷത്തിന് ആശങ്കകളുണ്ടെന്നും ചിദംബരം ചൂണ്ടിക്കാണിച്ചു. ഈ ആശങ്കകളാണ് ഒരുമിച്ച് നില്ക്കാനും 2024ലെ തെരഞ്ഞെടുപ്പില് ബിജെപിയെ എതിര്ക്കാനും സഹായിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സാധ്യമാകുമ്പോഴെല്ലാം പരസ്പരം കൂടിക്കാണുന്ന പ്രതിപക്ഷ നിലപാടിനെ ഇതെല്ലാം സാധൂകരിക്കുന്നുണ്ട്. ബംഗളൂരിവില് നടക്കാനിരിക്കുന്ന പ്രതിപക്ഷ പാര്ട്ടികളുടെ യോഗം നിശ്ചയമായും കൃത്യമായ ലക്ഷ്യത്തോടെയുള്ളതാണെന്ന് അഭിപ്രായപ്പെട്ട ചിദംബരം അടുത്ത നടപടികള് എന്താണെന്ന് കാത്തിരുന്ന് കാണാമെന്നും വ്യക്തമാക്കി.