ബെംഗളുരു : പ്രതിപക്ഷ ഐക്യം ബിജെപിയെ ഭയപ്പെടുത്തുന്നുവെന്ന് കോൺഗ്രസ്. ബെംഗളുരുവിൽ നടക്കുന്ന വിശാല സഖ്യ ചർച്ചയുടെ മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കൾ. കെ സി വേണുഗോപാൽ, ജയറാം രമേശ്, ഡി കെ ശിവകുമാർ എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. 26 പാർട്ടികൾ പങ്കെടുക്കുന്ന യോഗമാണ് ബെംഗളുരുവിൽ നടക്കുന്നത്. വൈകിട്ട് സിദ്ധരാമയ്യയുടെ അത്താഴവിരുന്നിൽ പ്രതിപക്ഷ നേതാക്കൾ പങ്കെടുക്കും. രണ്ട് ദിവസം നീളുന്ന യോഗത്തിൽ സോണിയാഗാന്ധി പങ്കെടുക്കും. പാറ്റ്നയിൽ നടന്ന പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗത്തിന്റെ തുടർച്ചയാണ് ഈ യോഗം.
പ്രതിപക്ഷത്തെ നിശബ്ദരാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇ ഡി പോലുള്ള ഏജൻസികളെ അതിനായി ഉപയോഗിക്കുന്നു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത് ഒടുവിലത്തെ ഉദാഹരണമാണ്. മണിപ്പൂരിലെ പ്രശ്നപരിഹാരത്തിന് കേന്ദ്ര സർക്കാർ ശ്രമിക്കുന്നില്ല. സമാധാനാഹ്വാനം പോലും പ്രധാനമന്ത്രി നടത്തുന്നില്ല. സാധാരണക്കാരന്റെ പ്രശ്നങ്ങൾക്ക് പരിഹാരമില്ല. അധികാരം നേടുക മാത്രമല്ല പ്രതിപക്ഷ ഐക്യത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്നതാവും ഈ യോഗമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
ഇത് നല്ല തുടക്കമാണെന്നും ഒന്നിച്ച് നിൽക്കുകയും ഒന്നിച്ച് ചിന്തിക്കുകയും ഒന്നിച്ച് പ്രവർത്തിക്കുകയും വേണമെന്നും കർണാടക പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാർ പറഞ്ഞു. പാറ്റ്ന യോഗത്തിന് ശേഷം പ്രധാനമന്ത്രി എൻഡിഎ യോഗം വിളിയ്ക്കാൻ തീരുമാനിച്ചുവെന്നും അതുവരെ എൻഡിഎയെ കുറിച്ച് പ്രധാനമന്ത്രി ചിന്തിച്ചിരുന്നില്ലെന്നും ജയറാം രമേശ് പരിഹസിച്ചു.
പ്രതിപക്ഷ സഖ്യസാധ്യത നാളെ പരിശോധിക്കും. യോഗത്തിലേക്ക് വ്യത്യസ്ത പാർട്ടികൾ വരുന്നുണ്ട്. അവരുമായി കൂടിയാലോചിക്കും. ഒരു പാർട്ടിയുണ്ടാക്കുന്ന സഖ്യമല്ല. അജണ്ട തീരുമാനിക്കുന്നത് കോൺഗ്രസല്ലെന്നും കെ സി വേണുഗോപാല് പറഞ്ഞു. എന്നാൽ ഏക സിവിൽ കോഡിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. യുസിസിയെ കുറിച്ച് പറയാനല്ല യോഗം വിളിച്ചതെന്നായിരുന്നു മറുപടി. പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.