ഡല്ഹി: മോദി പരാമര്ശത്തില് കുറ്റക്കാരനാണെന്ന വിധിക്കെതിരെ രാഹുല് ഗാന്ധി നല്കിയ ഹര്ജി നാളെ സുപ്രീം കോടതിയില് മെന്ഷന് ചെയ്യും.
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്പാകെയാണ് കേസ് മെന്ഷന് ചെയ്യുക. സൂറത്ത് മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന അപ്പീല് കഴിഞ്ഞ ദിവസം ഗുജറാത്ത് ഹൈക്കോടതി തളളിയിരുന്നു. പിന്നാലെയാണ് രാഹുല് ഗാന്ധി സുപ്രീം കോടതിയില് ഹര്ജി നല്കിയത്.
മോഷ്ടാക്കളുടെ പേരിലെല്ലാം മോദിയെന്നാണുള്ളത് എന്ന പരാമര്ശത്തിനെതിരെ ബിജെപി എംഎല്എ പൂര്ണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്. രാഹുല് ഹര്ജിയുമായെത്തിയാല് തന്റെ ഭാഗംകൂടി കേള്ക്കണമെന്നാവശ്യപ്പെട്ട് പൂര്ണേഷ് മോദി സുപ്രീംകോടതിയില് തടസ്സഹര്ജി നല്കിയിട്ടുണ്ട്.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കര്ണാടകയിലെ കോലാറില് വച്ച് രാഹുല് നടത്തിയ പ്രസംഗമാണ് കേസിനാധാരം. എല്ലാ കള്ളന്മാരുടെ പേരിനൊപ്പവും മോദി എന്ന് ഉള്ളതെന്ത് കൊണ്ടെന്ന രാഹുലിന്റെ പരിഹാസത്തിനെതിരെ ഗുജറാത്തിലെ മുന് മന്ത്രിയും എംഎല്എയുമായ പൂര്ണേഷ് മോദിയാണ് കേസ് നല്കിയത്. മോദി സമുദായത്തെ അപമാനിച്ചെന്ന ഹര്ജിയില് സൂറത്തിലെ മജിസ്ട്രേറ്റ് കോടതി പരമാവധി ശിക്ഷയായ 2 വര്ഷം തടവ് വിധിച്ചതോടെയാണ് രാഹുല് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്.
ജില്ലാ കോടതിയെ സമീപിച്ചെങ്കിലും അപ്പീല് തള്ളിയതോടെയാണ് രാഹുല് ഗുജറാത്ത് ഹൈക്കോടതിയിലെത്തിയത്. എന്നാല് മോദി സമുദായത്തെ അപമാനിച്ചെന്ന കേസില് കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല് ഗാന്ധി നല്കിയ അപ്പീല് ഗുജറാത്ത് ഹൈക്കോടതി തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹര്ജിയുമായി രാഹുല് ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്.