വോട്ടിംഗ് യന്ത്ര പ്രശ്നങ്ങള് ഉന്നയിക്കാന് പ്രതിപക്ഷ സഖ്യം; സെക്രട്ടറിയേറ്റ് രൂപീകരിക്കും

dot image

ബെംഗളൂരു: ബെംഗളൂരുവില് നടക്കുന്ന രണ്ടാം പ്രതിപക്ഷ യോഗത്തില് സുപ്രധാന തീരുമാനങ്ങളെടുക്കുമെന്ന് സൂചന. ഒന്നിച്ചു പോവാമെന്ന വികാരം വളര്ത്തിയെടുക്കാന് ഒന്നാം പ്രതിപക്ഷ യോഗത്തിന് കഴിഞ്ഞതിനാല് രണ്ടാം യോഗത്തില് തീരുമാനങ്ങളിലേക്ക് പോകാമെന്നാണ് പൊതുവില് ഉണ്ടായിട്ടുള്ള ധാരണ.

പ്രതിപക്ഷ പാര്ട്ടികള് ഒരുമിച്ച് ചേര്ന്ന് നടത്തുന്ന പ്രചാരണ പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കാന് ഒരു സബ്കമ്മറ്റി രൂപീകരിക്കുമെന്നാണ് റിപ്പോര്ട്ട്. റാലികളും കണ്വെന്ഷനുകളും പ്രക്ഷോഭങ്ങളും അടക്കം ഈ സമിതിയുടെ മേല്നോട്ടത്തിലാണ് നടക്കുക.

വോട്ടിംഗ് യന്ത്ര പ്രശ്നങ്ങള് പ്രതിപക്ഷ സഖ്യം ഉന്നയിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില് വെക്കേണ്ട പരിഷ്കരണ നിര്ദേശങ്ങള് യോഗത്തില് ആലോചിക്കും. സഖ്യത്തിന്റെ മുന്നോട്ടുപോക്കിന് വേണ്ടി ഒരു സെക്രട്ടറിയേറ്റ് സമിതി ഉണ്ടാക്കുമെന്നുമാണ് ബെംഗളൂരുവില് നിന്നുള്ള വിവരം.

പ്രതിപക്ഷ ഐക്യം ബിജെപിയെ ഭയപ്പെടുത്തുന്നുവെന്ന് കോണ്ഗ്രസ് നേരത്തെ പറഞ്ഞിരുന്നു. ബെംഗളുരുവില് നടക്കുന്ന വിശാല സഖ്യ ചര്ച്ചയുടെ മുന്നോടിയായി മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്. കെ സി വേണുഗോപാല്, ജയറാം രമേശ്, ഡി കെ ശിവകുമാര് എന്നിവരാണ് മാധ്യമങ്ങളെ കണ്ടത്. 26 പാര്ട്ടികള് പങ്കെടുക്കുന്ന യോഗമാണ് ബെംഗളുരുവില് നടക്കുന്നത്. വൈകിട്ട് സിദ്ധരാമയ്യയുടെ അത്താഴവിരുന്നില് പ്രതിപക്ഷ നേതാക്കള് പങ്കെടുക്കും. രണ്ട് ദിവസം നീളുന്ന യോഗത്തില് സോണിയാ ഗാന്ധി പങ്കെടുക്കും. പാറ്റ്നയില് നടന്ന പ്രതിപക്ഷ പാര്ട്ടി നേതാക്കളുടെ യോഗത്തിന്റെ തുടര്ച്ചയാണ് ഈ യോഗം.

പ്രതിപക്ഷത്തെ നിശബ്ദരാക്കാന് ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്ഗ്രസ് കുറ്റപ്പെടുത്തി. ഇ ഡി പോലുള്ള ഏജന്സികളെ അതിനായി ഉപയോഗിക്കുന്നു. രാഹുല് ഗാന്ധിയെ അയോഗ്യനാക്കിയത് ഒടുവിലത്തെ ഉദാഹരണമാണ്. മണിപ്പൂരിലെ പ്രശ്നപരിഹാരത്തിന് കേന്ദ്ര സര്ക്കാര് ശ്രമിക്കുന്നില്ല. സമാധാനാഹ്വാനം പോലും പ്രധാനമന്ത്രി നടത്തുന്നില്ല. സാധാരണക്കാരന്റെ പ്രശ്നങ്ങള്ക്ക് പരിഹാരമില്ല. അധികാരം നേടുക മാത്രമല്ല പ്രതിപക്ഷ ഐക്യത്തിന്റെ ലക്ഷ്യം. രാജ്യത്തിന്റെ പ്രശ്നങ്ങള്ക്ക് പരിഹാരം കാണുകയാണ്. ഇന്ത്യന് രാഷ്ട്രീയത്തിന്റെ ഗതിമാറ്റുന്നതാവും ഈ യോഗമെന്നും കോണ്ഗ്രസ് നേതാക്കള് പറഞ്ഞു.

ഇത് നല്ല തുടക്കമാണെന്നും ഒന്നിച്ച് നില്ക്കുകയും ഒന്നിച്ച് ചിന്തിക്കുകയും ഒന്നിച്ച് പ്രവര്ത്തിക്കുകയും വേണമെന്നും കര്ണാട പിസിസി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ ഡി കെ ശിവകുമാര് പറഞ്ഞു. പാറ്റ്ന യോഗത്തിന് ശേഷം പ്രധാനമന്ത്രി എന്ഡിഎ യോഗം വിളിയ്ക്കാന് തീരുമാനിച്ചുവെന്നും അതുവരെ എന്ഡിഎയെ കുറിച്ച് പ്രധാനമന്ത്രി ചിന്തിച്ചിരുന്നില്ലെന്നും ജയറാം രമേശ് പരിഹസിച്ചു.

പ്രതിപക്ഷ സഖ്യസാധ്യത നാളെ പരിശോധിക്കും. യോഗത്തിലേക്ക് വ്യത്യസ്ത പാര്ട്ടികള് വരുന്നുണ്ട്. അവരുമായി കൂടിയാലോചിക്കും. ഒരു പാര്ട്ടിയുണ്ടാക്കുന്ന സഖ്യമല്ല. അജണ്ട തീരുമാനിക്കുന്നത് കോണ്ഗ്രസല്ലെന്നും കെ സി വേണുഗോപാല് പറഞ്ഞു. എന്നാല് ഏക സിവില് കോഡിനെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. യുസിസിയെ കുറിച്ച് പറയാനല്ല യോഗം വിളിച്ചതെന്നായിരുന്നു മറുപടി. പ്രതിപക്ഷത്തെ ആര് നയിക്കുമെന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us