ബെംഗളൂരു: കോണ്ഗ്രസ് പ്രധാനമന്ത്രി പദവി ആഗ്രഹിക്കുന്നില്ലെന്ന് അദ്ധ്യക്ഷന് മല്ലികാര്ജ്ജുന് ഖാര്ഗെ. പ്രധാനമന്ത്രി നരേന്ദ്രമോദി മോദി ഞങ്ങളെ ഒരുമിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനെ ഒറ്റകെട്ടായി നേരിടുമെന്നും മല്ലികാര്ജ്ജുന് ഖാര്ഗെ പറഞ്ഞു. പ്രതിപക്ഷ മഹാ സഖ്യത്തിന്റെ ബെംഗളൂരുവിലെ യോഗത്തില് സംസാരിക്കവെയാണ് ഖാര്ഗെ കോണ്ഗ്രസ് നിലപാട് വ്യക്തമാക്കിയത്.
'ഒരുമിച്ച് പോരാടാന് 26 കക്ഷികള് ബെംഗളൂരുവില് എത്തിയതില് ഞാന് അതീവ സന്തോഷവാനാണ്. ഒരുമിച്ചപ്പോള് 11 സംസ്ഥാനങ്ങളില് നമുക്കിപ്പോള് സര്ക്കാരുണ്ട്. ബിജെപിക്ക് ഒറ്റക്ക് 303 സീറ്റില് വിജയിക്കാനാകില്ല. സഖ്യകക്ഷികളുടെ വോട്ടുകള് കൈക്കലാക്കി അധികാരത്തിലെത്തി അവരെ വലച്ചെറിയുകയാണ് ബിജെപി ചെയ്തത്. ബിജെപി അദ്ധ്യക്ഷനും അവരുടെ നേതാക്കളും തങ്ങളുടെ പഴയ സഖ്യകക്ഷികളുമായി കൈകോര്ക്കാന് സംസ്ഥാനങ്ങളില് നിന്ന് സംസ്ഥാനങ്ങളിലേക്ക് ഓടുകയാണ്. ഇവിടെ കാണുന്ന ഐക്യം അടുത്ത വര്ഷം തങ്ങളുടെ തോല്വിയില് കലാശിക്കുമോ എന്ന ഭയത്തിലാണ് എന്ഡിഎ. അധികാരം നേടുക എന്നതിനപ്പുറത്തേക്ക് ജനാധിപത്യം, മതേതരത്വം, സാമൂഹിക നീതി എന്നിവ സംരക്ഷിക്കലാണ് ഈ യോഗത്തിന്റെ ലക്ഷ്യം. പുരോഗതിയുടെയും ക്ഷേമത്തിന്റെയും യഥാര്ത്ഥ ജനാധിപത്യത്തിന്റെയും പാതയിലേക്ക് ഇന്ത്യയെ തിരികെ കൊണ്ടുപോകാന് നമുക്ക് ദൃഢനിശ്ചയം ചെയ്യാം.' മല്ലികാര്ജ്ജുന് ഖാര്ഗെ ട്വിറ്ററില് കുറിച്ചു.
സീറ്റ് പങ്കിടല്, പ്രചാരണ തന്ത്രങ്ങള് എന്നിവ തീരുമാനിക്കാന് അടുത്തതായി മുംബൈയില് ഒത്തുചേരുമെന്നും ഖാര്ഗെ അറിയിച്ചു. സംയുക്ത പ്രസ്താവന ഉടന് പുറത്തിറക്കും. ശ്മശാന സമാനമായ സാഹചര്യത്തില് നിന്നും ഇന്ത്യയെ നമ്മള് രക്ഷിക്കുമെന്നും ഖാര്ഗെ പറഞ്ഞു.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില് കണ്ടുള്ള പ്രതിപക്ഷ വിശാല സഖ്യത്തിന് I.N.D.I.A (ഇന്ത്യന് നാഷണല് ഡെവലപ്മെന്റ് ഇന്ക്ലൂസീവ് അലയന്സ്) എന്നാണ് പേരിട്ടിരിക്കുന്നത്. സഖ്യത്തിലെ എല്ലാ കക്ഷികള്ക്കും പേര് സ്വീകാര്യമായിരുന്നുവെന്നാണ് റിപ്പോര്ട്ട്. 26 കക്ഷികളാണ് ബെംഗളുരൂവിലെ യോഗത്തിനെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ പൊതുനയം രൂപീകരിക്കലാണ് യോഗത്തിലെ പ്രധാന അജണ്ട. INDIA എന്നത് തന്നെയായിരിക്കും പുതിയ പേര് എന്ന് സൂചിപ്പിക്കുന്ന ട്വിറ്റ കോണ്ഗ്രസ് ലോക്സഭാ എംപി മണിക്കം ടാഗോള് പങ്കുവെച്ചു. ഇന്ത്യ വിജയിക്കും എന്നാണ് മണിക്കം ടാഗോര് ട്വീറ്റ് ചെയ്തത്. 'ചക് ദേ ഇന്ത്യ' എന്ന ട്വീറ്റ് കോണ്ഗ്രസ് എംപി ഡെറക് ഒബ്രെയിനും പങ്കുവെച്ചു.