ഡൽഹി: തെറ്റായ വിവരങ്ങളും അപകീർത്തികരമായ ആരോപണങ്ങളും ചേർന്നതാണ് ഹിൻഡൻബർഗ് റിപ്പോർട്ടെന്ന് ആവർത്തിച്ച് പറഞ്ഞ് അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി. കമ്പനിയുടെ വളർച്ച തടയാനായിരുന്നു ഹിൻഡൻബർഗിന്റെ ശ്രമമെന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ വാർഷികയോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
'ഈ വർഷത്തെ റിപബ്ലിക് ദിനത്തിന്റെ തലേന്ന് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എഫ്പിഒ(ഫോളോ ഓൺ പബ്ലിക് ഓഫറിംഗ്) ആരംഭിക്കാൻ തുടങ്ങുന്നതിന് തൊട്ട് മുൻപാണ് യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. തെറ്റായ വിവരങ്ങളും അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളും കൂട്ടിക്കുഴച്ചതായിരുന്നു പ്രസ്തുത റിപ്പോർട്ട്. അവയിൽ പറഞ്ഞ കാര്യങ്ങളെല്ലാം 2004 മുതൽ 2015 വരെയുള്ളതായിരുന്നു. അവയെല്ലാം അക്കാലത്ത് തന്നെ ഉചിതമായ രീതിയിൽ പരിഹരിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് നമ്മുടെ പ്രശസ്തി ഇകഴ്ത്താനും ഓഹരി വിലയിടിച്ച് നഷ്ടം ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ബോധപൂർവമായ ശ്രമമായിരുന്നു'. അദാനി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിൽ അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് പുറത്തിറക്കിയ റിപ്പോർട്ട് അദാനിക്ക് തിരിച്ചടിയായിരുന്നു. റിപ്പോർട്ട് പുറത്ത് വന്നതോടെ കമ്പനിയുടെ ഓഹരികളുടെയും ബോണ്ടുകളുടെയും വില കുത്തനെ ഇടിഞ്ഞിരുന്നു. ഓഹരി മൂല്യം ഉയർത്തി അദാനി ഗ്രൂപ്പ് തട്ടിപ്പ് നടത്തിയെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നത്. ഒരു ദശാബ്ദക്കാലമായി ഓഹരി വിപണിയിൽ കൃത്രിമം കാണിച്ചെന്നും അക്കൗണ്ടിംഗ് തട്ടിപ്പുകളിലും കമ്പനി ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ടിൽ ആരോപിക്കുന്നു. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനെന്ന സ്ഥാനവും റിപ്പോർട്ട് പുറത്തുവന്നതോടെ അദാനിക്ക് നഷ്ടമായി.