'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്'; 20 രൂപയ്ക്ക് ഊണും സ്നാക്സും ജനറൽ കോച്ചിലെത്തിക്കാൻ റെയിൽവേ

ചോറ് , രാജ്മ, ഛോലെ, കിച്ചടി കുൽച, ഭട്ടൂരെ, പാവ്-ഭാജി, മസാല ദോശ എന്നിവയുണ്ടാകും

dot image

ന്യൂഡൽഹി: ഇനി മുതൽ ജനറൽ കോച്ചിലും ഭക്ഷണം നൽകാനൊരുങ്ങി റെയിൽവേ. ഊണും സ്നാക്സും വെളളവും ജനറൽ കോച്ചിലും വിതരണം ചെയ്യും. ഇത് സംബന്ധിച്ച് റെയിൽവേ ബോർഡ് ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് പ്രകാരം ഭക്ഷണം വിളമ്പുന്ന കൗണ്ടറുകൾ ജനറൽ കോച്ചുകൾക്ക് സമീപമായി പ്ലാറ്റ്ഫോമുകളിൽ സ്ഥാപിക്കും.

യാത്രക്കാർക്ക് വൃത്തിയുളളതും ആരോഗ്യകരവുമായ ഭക്ഷണം നൽകുമെന്ന് ഉത്തരവിൽ പറയുന്നു. എഫ് ആൻഡ് ബി സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുളള പദ്ധതി ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതായും റെയിൽവേ അറിയിച്ചു. ഐആർസിടിസിയുടെ കിച്ചൺ യൂണിറ്റാണ് ഭക്ഷണം നൽകുക.

ഭക്ഷണ മെനു റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. 20 രൂപയുളള എക്കോണമി മീലിൽ ഏഴ് പൂരി, ഉരുളക്കിഴങ്ങ് കറി, അച്ചാർ എന്നിവയുണ്ടാകും. രണ്ടാമത്തെ വിഭാഗമായ 50 രൂപയുടെ കോംബോയിൽ ചോറ് , രാജ്മ, ഛോലെ, കിച്ചടി കുൽച, ഭട്ടൂരെ, പാവ്-ഭാജി, മസാല ദോശ എന്നിവ ഓപ്ഷനുകളായി ഉണ്ടാകും.

നിലവിൽ ഉദയ്പൂർ, അജ്മീർ, അബു റോഡ് സ്റ്റേഷനുകളുൾപ്പെടെ 51 സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പാക്കിയിട്ടുളളത്. 13 സ്റ്റേഷനുകളിൽ കൂടി പദ്ധതി നടപ്പിലാക്കും. ദീർഘദൂര ട്രെയിൻ യാത്രകളിൽ ജനറൽ കോച്ചുകളിലെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് പദ്ധതിയിലൂടെ റെയിൽവേ ലക്ഷ്യമിടുന്നത്.

dot image
To advertise here,contact us
dot image